LatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ്

“Manju”

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാലുവര്‍ഷമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനത്തിന് സജ്ജമായി. ദുബായ് ആസ്ഥാനമായ ഫ്‌ളെമിംഗ്‌ഗോയും അദാനിയുമായി ചേര്‍ന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തിപ്പിക്കുക. ഇറക്കുമതി ചെയ്ത സാധനങ്ങള്‍ മുംബയില്‍ നിന്നെത്തിച്ചിട്ടുണ്ട്. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലായി 2500 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്ന് ഷോപ്പുകളാണ് തുറക്കുന്നത്. 99 ശതമാനം ജോലികളും പൂര്‍ത്തിയായെന്നും ഈ മാസം തന്നെ ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കുമെന്നും അദാനിഗ്രൂപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്നത് അന്താരാഷ്ട്ര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.

എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ക്കിടയിലാണ് പുതിയ ഷോപ്പ്. 2018ല്‍ മദ്യക്കടത്ത് കേസില്‍ കുടുങ്ങിയ പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് സീല്‍ ചെയ്തിരിക്കുകയാണ്. മദ്യക്കടത്തില്‍ കസ്റ്റംസ്, സി.ബി.ഐ എന്നിവ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതുവരെ തീര്‍ന്നിട്ടില്ല. കോടതി ഉത്തരവുള്ളതിനാല്‍ ഈ സ്ഥലം അദാനിഗ്രൂപ്പിന് ഉപയോഗിക്കാനാവില്ല. കേസ് തീരുമ്പോള്‍ ഈ സ്ഥലം കൂടിയെടുത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് വിശാലമാക്കും. ഇമിഗ്രേഷന്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ രേഖപ്പെടുത്തി മാമ്രേ ഡ്യൂട്ടിഫ്രീ ഷോപ്പിലൂടെ സാധനങ്ങള്‍ നല്‍കൂ. ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടികളെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ദുരുപയോഗിച്ച്‌ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ ആറുകോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെ തുടര്‍ന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴുവീണത്. കാര്‍ഗോ കോംപ്ലക്സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിന്റെ സഹായത്തോടെ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരില്‍ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയത്. 2017 സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 21 വരെ 16 വിമാനക്കമ്പനികളില്‍ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.

വിമാനത്താവള നടത്തിപ്പുകാര്‍ക്ക് ഏറ്റവും വരുമാനമുള്ളത് ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്നാണ്. നെടുമമ്പാശേരി വിമാനത്താവളത്തില്‍ സിയാലിന്റെ അരലക്ഷം ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ് വന്‍ലാഭത്തിലാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്ഥലക്കുറവാണ് പ്രശ്നം. എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞശേഷം കസ്റ്റംസ് ക്ലിയറന്‍സ് കൗണ്ടറുകള്‍ക്ക് മുമ്പാണ് ഡ്യൂട്ടിഫ്രീക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലം. ഒട്ടേറെ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന ഫ്‌ളെമിംഗ് ഗോ ട്രാവല്‍ റീട്ടെയ്ല്‍, മുംബയ് ട്രാവല്‍ റീട്ടെയ്ല്‍ എന്നിവയുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് ഡ്യൂട്ടി ഫ്രീഷോപ്പ് സജ്ജമാക്കുന്നത്.

Related Articles

Back to top button