IndiaLatest

45% പേര്‍ കോവിഡ് ചികിത്സിച്ചത് കടം വാങ്ങിയെന്ന് സര്‍വേ

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ 45 ശതമാനം പേര്‍ കോവിഡ് ചികിത്സിച്ചത് കടം വാങ്ങിയെന്ന് പഠനസര്‍വേ. ഗ്രാമീണ ഇന്ത്യയില്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ച്‌ ജെസ്യൂട്ട് കളക്ടീവ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഡല്‍ഹി ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോണ്‍ഫറന്‍സ് ഡെവലപ്മെന്റ്, ലോക് മഞ്ച് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് കോവിഡ് ചികിത്സ ബാധ്യതയായതായി കണ്ടെത്തിയത്.

കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ 46 ജില്ലകളിലെ 474 ഗ്രാമങ്ങളിലാണ് സര്‍വേ നടത്തിയത്. 25 ശതമാനം പേര്‍ക്ക് പതിനായിരത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. 32 ശതമാനത്തിന് അയ്യായിരത്തിലധികവും. 60 ശതമാനം പേര്‍ അലോപ്പതി ചികിത്സയും 23 ശതമാനം പേര്‍ ആയുര്‍വേദ ചികിത്സയും തിരഞ്ഞെടുത്തു. കേരളം, ഛത്തീസ്‌ഗഢ്‌ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ചികിത്സയ്ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉപയോഗിച്ചതായി 11 ശതമാനം പേര്‍ പ്രതികരിച്ചു. കടം വാങ്ങിയിട്ടും 46 ശതമാനം പേര്‍ക്ക് കോവിഡ് ചികിത്സ ലഭിക്കുന്നതില്‍ കാലതാമസമുണ്ടായി.

പൊതുജനാരോഗ്യ സംവിധാനങ്ങള്‍ 67 ശതമാനം പേര്‍ക്ക് പ്രാപ്യമായിരുന്നു. എന്നാല്‍, യു.പി, ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് അപര്യാപ്തതയുണ്ടായിരുന്നു. ഇതിനാല്‍ 34 ശതമാനം പേര്‍ക്ക് സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. തങ്ങളുടെ പ്രദേശത്തുള്ളവര്‍ക്ക് കോവിഡ് ചികിത്സ താങ്ങാന്‍ കഴിഞ്ഞില്ലെന്ന് 77 ശതമാനം ആശാവര്‍ക്കര്‍മാരും അഭിപ്രായപ്പെട്ടു.

കോവിഡിന്റെ ആദ്യ രണ്ട് തരംഗത്തിലും 71 ശതമാനം പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടമായി. ഇതില്‍ 34 ശതമാനം പേരും വനിതകളാണ്. 21 ശതമാനം പേര്‍ക്ക് ദേശീയ തൊഴിലുറപ്പ് നിയമപ്രകാരമുള്ള എം.ജി.എന്‍.ആര്‍.ഇ.ജി.എ. പ്രകാരമുള്ള തൊഴില്‍ ലഭ്യമായില്ല. 14 ശതമാനം പേര്‍ക്ക് മാസത്തില്‍ ആകെ തൊഴില്‍ ലഭിച്ചത് അഞ്ച് ദിവസമാണ്. 56 ശതമാനം കുട്ടികള്‍ക്കും സ്കൂള്‍ ഉച്ചഭക്ഷണം നിഷേധിക്കപ്പെട്ടു. ഡിജിറ്റല്‍ സൗകര്യങ്ങളുടെ അഭാവംകാരണം 46 ശതമാനം കുട്ടികള്‍ക്ക് പഠനനഷ്ടമുണ്ടായി.

Related Articles

Back to top button