InternationalLatest

വേലി ചാടിക്കടന്ന് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ സ്പെയിനിലേക്ക്

“Manju”

ഇ ന്ന് യൂറോപ്പിനെ, പ്രത്യേകിച്ച്‌ പശ്ചിമ യൂറോപ്പിനെ ഏറെ വലയ്ക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് അനധികൃത കുടിയേറ്റം.
ബ്രിട്ടന്‍ മാതമല്ല, പല പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും ഇന്ന് ഈ തലവേദന അനുഭവിക്കുന്നുണ്ട്. ഒരു തരത്തില്‍, ഇത് അവര്‍ ചോദിച്ചു വാങ്ങിയതാണ് എന്നു തന്നെ പറയാം. മനുഷ്യത്വം കാണിച്ച്‌ ഇവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയതാണ് ഇപ്പൊള്‍ തിരിച്ചടിക്കുന്നത്. ഇന്നലെ സ്പെയിനില്‍ മെലില എന്‍ക്ലേവില്‍ ഇത്തരത്തില്‍ നൂറുകണക്കിന് കുടിയേറ്റക്കാര്‍ വേലി ചാടി സ്പെയിന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടേ അഞ്ചുപേര്‍ അതിദാരുണമായി മരണമടഞ്ഞു.
മോറോക്കയില്‍ നിന്നാണ് അതിര്‍ത്തി ലംഘിച്ച്‌ സ്പെയിനിന്റെ മെലില്ല എന്‍ക്ലേവിലേക്ക് ഇവര്‍ കയറിയത്. യൂറോപ്പുമായി ആഫ്രിക്കയ്ക്ക് കരമാര്‍ഗ്ഗമുള്ള ഏക അതിര്‍ത്തിയാണിത്. ഏകദേശം 2000 ത്തോളം പേരാണ് ഇവിടെ അതിര്‍ത്തി കടക്കാന്‍ എത്തിയത്. അതില്‍ ഏകദേശം 500 ന് മേല്‍ പേര്‍ വേലി മുറിച്ച്‌ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കുന്നതില്‍ വിജയിച്ചു എന്ന് സ്പാനിഷ് സര്‍ക്കാരിന്റെ പ്രാദേശിക പ്രതിനിധി വിശദീകരിച്ചു.
അതില്‍ 130 ഓളം സബ് സഹാറന്‍ കുടിയേറ്റക്കാര്‍ മേലില്ലയില്‍ എത്തുകയും ചെയ്തു. അവര്‍ എല്ലാവരും തന്നെ പ്രായപൂര്‍ത്തിയ പുരുഷന്മാരാണെന്നും പ്രതിനിധി പറഞ്ഞു. ഈ ശ്രമത്തിനിടയില്‍ അഞ്ചു പേര്‍ മരണമടഞ്ഞതായി അതിര്‍ത്തിക്കടുത്തുള്ള മൊറോക്കന്‍ പട്ടണമായ നാദോറിലുള്ള മൊറോക്കോ ഉദ്യോഗസ്ഥന്മാര്‍ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വേലി ചാടിക്കടക്കുന്നതിനിടെ, അതിന്റെ മുകളില്‍ നിന്നും വീണാണ് ഇവരില്‍ പലരും മരണമടഞ്ഞത്. കഴിഞ്ഞമാസം സ്പെയിനും മൊറോക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിനു ശേഷം ഉണ്ടായ ആദ്യ കുടിയേറ്റ ശ്രമത്തെ തുടര്‍ന്ന് ചെറിയ രീതിയിലുള്ള ഏറ്റുമുട്ടലുകളും ഉണ്ടായി. 140 അതിര്‍ത്തി രക്ഷാ സൈനികര്‍ക്കും 76 കുടിയേറ്റക്കാര്‍ക്കും പരിക്കേറ്റതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, 47 സ്പാനിഷ് പൊലീസുകാര്‍ക്ക് നിസാരമായ പരിക്കുകള്‍ ഏറ്റെന്നും ഏകദേശം 57 കുടിയേറ്റക്കാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നുമാണ് സ്പാനിഷ് പ്രതിനിധി പറഞ്ഞത്. കുടിയേറ്റക്കാരെ തടയുന്നതിനായി അതിര്‍ത്തിയില്‍ മൊറോക്കന്‍ സൈന്യം വന്‍ തോതില്‍ സൈനിക വിന്യാസം നടത്തിയിരുന്നു എന്നുംഅവര്‍ സ്പാനിഷ് അതിര്‍ത്തി സേനയുമായി സഹകരിച്ച്‌ കുടിയേറ്റം തടയാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനുഷ്യക്കടത്ത് മാഫിയയുടെ പ്രവര്‍ത്തനങ്ങളാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി ആരോപിച്ചു.
മെലില്ല പട്ടണത്തിലെ തെരുവുകളിലൂടെ അതിര്‍ത്തി കടന്ന സന്തോഷത്തില്‍ ഒരു കൂട്ടം അനധികൃത കുടിയേറ്റക്കാര്‍ ആര്‍പ്പു വിളിച്ച്‌ ഘോഷയാത്ര നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആഫ്രിക്കയിലെ വരള്‍ച്ചയും ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതും ഭൂഖണ്ഡത്തില്‍ നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റം ശക്തിപ്പെടുത്തുമെന്ന ആശങ്ക നേരത്തേ ഉണ്ടായിരുന്നു. റഷ്യന്‍- യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് സൊമാലിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് യുക്രെയിനില്‍ നിന്നുള്ള ഭക്ഷ്യ ധാന്യങ്ങളുടെ നീക്കം നിലച്ചതോടെ ഇത് ഗുരുതരാവസ്ഥയില്‍ എത്തിയിരിക്കുകയാണ്.

Related Articles

Back to top button