KeralaLatest

റിട്ടയര്‍മെന്റിലേക്ക് ഓടിയിറങ്ങുന്ന ഒരാള്‍

“Manju”

 

കൊച്ചി: മൂന്നര പതിറ്റാണ്ട് മുമ്പ് കോഴിക്കോട് പൊക്കുന്ന് സ്വദേശി നളിനാക്ഷന്‍ തീവണ്ടി കയറി കൊച്ചിയില്‍ ഇറങ്ങിയത് കപ്പല്‍ പണിക്കായിരുന്നു. കൊച്ചി കായലിലെ കപ്പല്‍ശാല വിട്ട് വീട്ടിലേക്ക് മടങ്ങുന്ന റിട്ടയര്‍മെന്റ് ഒരു തരത്തില്‍ വേദനയാണെങ്കിലും തുടര്‍ജീവിതം ആഘോഷിക്കാന്‍ തന്നെയാണ് തീരുമാനം. അതിനുള്ള തുടക്കമാണിതെന്ന് നളിനാക്ഷന്‍ പറയുന്നു. എറണാകുളത്തുനിന്ന് ഫറോക്കില്‍ പണികഴിപ്പിച്ച വീട്ടിലേക്ക് 100 മൈല്‍ ദൂരമുണ്ട് (160 കി.മീ).
കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ ഫിറ്റര്‍ തസ്തികയില്‍ ജോലിയില്‍ കയറിയ നളിനാക്ഷന്‍ ഷിപ്പ്ബില്‍ഡിങ് അസിസ്റ്റന്‍റ് എന്‍ജിനീയറായാണ് 30ന് വിരമിക്കുന്നത്. ജൂലൈ രണ്ടിന് പുലര്‍ച്ച രണ്ടിന് പനമ്ബിള്ളി നഗറില്‍നിന്നാണ് കോഴിക്കോട്ടേക്ക് ഓട്ടം തുടങ്ങുക. മൂന്നിന് രാവിലെ പത്തോടെ ഫറോക്കിലെ വീട്ടില്‍ എത്താനാണ് പദ്ധതി. ഷിപ്യാര്‍ഡിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ആറ് പേരും റണ്ണിങ് ക്ലബിലെ 14 പേരുമടക്കം 20 പേര്‍ നളിനാക്ഷനൊപ്പം കോഴിക്കോട്ടേക്ക് ഓടുന്നുണ്ട്. കൊച്ചി -കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍- പൊന്നാനി- തിരൂര്‍- പരപ്പനങ്ങാടി വഴി ഫറോക്കില്‍ എത്തുന്ന രീതിയിലാണ് റൂട്ട് മാപ്പ്.
2020ല്‍ കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലമാണ് നളിനാക്ഷനെ ഓട്ടത്തിലേക്ക് എത്തിച്ചത്. പനമ്ബിള്ളി നഗര്‍ റണ്ണേഴ്സ് ക്ലബുമായി ചേര്‍ന്ന് ഓടാന്‍ തുടങ്ങുന്നത് അക്കാലത്താണ്. ജീവിതംതന്നെ മാറ്റിമറിച്ചു ആ തീരുമാനം. ആ കൂട്ടത്തിലെ മികച്ച ഓട്ടക്കാരിലൊരാളായി നളിനാക്ഷന്‍ മാറി. ഓട്ടത്തില്‍ ഹരം കയറിയതോടെ മാരത്തണ്‍ മത്സരങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. മൂന്നാറില്‍ കഴിഞ്ഞ മാസം നടന്ന മൂന്നാര്‍ ഫുള്‍ മാരത്തണില്‍ പങ്കെടുത്ത് കുന്നും മലയും ഓടിക്കയറി. 55 പ്ലസ് ഏജ് കാറ്റഗറിയില്‍ രണ്ടാമനായെത്തി കപ്പും കൊണ്ടാണ് നളിനാക്ഷന്‍ കൊച്ചിയിലെത്തിയത്. നളിനാക്ഷന്‍റെ ഓട്ടം കണ്ട് ഭാര്യ അജയയും കൂടെ ഓടാന്‍ തുടങ്ങിയിരുന്നു. മൂന്നാര്‍ മാരത്തണിലെ മത്സരത്തിലും അവര്‍ പങ്കെടുത്തിരുന്നു. അമിത്, രജത് എന്നിവരാണ് മക്കള്‍.

Related Articles

Back to top button