KeralaLatest

ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കാന്‍ ചിറ്റൂര്‍ ഗവ. കോളേജ്

“Manju”

ചിറ്റൂര്‍: വീടില്ലാത്ത ഏഴു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭവന നിര്‍മ്മാണം ഏറ്റെടുത്ത് ചിറ്റൂര്‍ ഗവ. കോളേജ്. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് വീട് ഒരുക്കുന്നത്. അട്ടപ്പള്ളം തമ്പാട്ടി വീട്ടില്‍ ഭാര്‍ഗവി മകളും കോളേജിലെ എം.എ തമിഴ് വിദ്യാര്‍ത്ഥിയുമായ കെ.സോഫിയയുടെ വീടിന് പ്രിന്‍സിപ്പല്‍ വി.കെ.അനുരാധ തറക്കല്ലിട്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.

കോളേജിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി കോളേജ് അദ്ധ്യാപകരും ജീവനക്കാരും അവരുടെ ശമ്പളത്തിന്റെ ഒരുഭാഗം മാറ്റി വയ്ക്കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവിന് അനുസരിച്ചുള്ള തുക സംഭാവന നല്‍കി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹകരണം ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്ന് വാര്‍ഷികാഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.മുരുഗന്‍ അറിയിച്ചു. ചടങ്ങില്‍ അദ്ധ്യാപകരായ ഡോ. കെ.ബേബി, സി.ഡി.രാമഭദ്രന്‍, എം.സുരേഷ്, റിച്ചാര്‍ഡ് സ്‌കറിയ, കെ.പ്രദീഷ്, പി.സുരേഷ്, ഡോ. ടി.പി.സുധീപ്, ഡോ. മനു ചക്രവര്‍ത്തി, ഡോ. കെ.എം.നിഷാദ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button