IndiaLatest

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ലോകബാങ്ക്, ഉഷ്ണതരംഗം വില്ലനാകും

“Manju”

ഡല്‍ഹി: സമീപഭാവിയില്‍ തന്നെ ഇന്ത്യയില്‍ മനുഷ്യന് അതിജീവിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേയ്ക്ക് ഉഷ്ണ തരംഗത്തിന്റെ തീവ്രത വര്‍ധിച്ചേക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ആയിരക്കണക്കിന് പേരാണ് ഇന്ത്യയില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് മരിച്ചത്. ഓരോ വര്‍ഷം കഴിയുന്തോറും ഉഷ്ണ തരംഗത്തിന്റെ തീവ്രത അപകടകരമായ നിലയിലാണ് വര്‍ധിക്കുന്നതെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപഭാവിയില്‍ തന്നെ ഉഷ്ണതരംഗത്തിന്റെ തീവ്രതയില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത് എത്തിയേക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

അന്തരീക്ഷ ഊഷ്മാവ്‌ വര്‍ധിക്കുന്നത് വര്‍ഷത്തില്‍ നേരത്തെ ആരംഭിച്ച്‌ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവസ്ഥയാണ് രാജ്യം നേരിടാന്‍ പോകുന്നത്. ഏപ്രിലില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ചൂട് 46 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. മാര്‍ച്ചിലും അസാധാരണ ചൂടാണ് അനുഭവപ്പെട്ടത്. റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരുമായി സഹകരിച്ച്‌ ലോകബാങ്ക് സംഘടിപ്പിക്കുന്ന ദ്വിദിന പരിപാടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉഷ്ണ തരംഗം അപകടകരമായ നിലയിലേക്ക് ഉയരുന്നത് രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമതയെ ബാധിച്ചേക്കും. ഇന്ത്യയിലെ തൊഴില്‍ശക്തിയുടെ 75 ശതമാനവും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരാണ്. 2030 ഓടേ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ എട്ടു കോടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതില്‍ 3.4 കോടിയും ഇന്ത്യയിലായിരിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button