IndiaLatest

ഏറ്റവും പ്രായംകൂടിയ കടുവയ്ക്ക് വിട നല്‍കി

“Manju”

സംരക്ഷണകേന്ദ്രങ്ങളില്‍ ജീവിച്ചിരുന്നതില്‍ വെച്ച്‌ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കടുവയ്ക്ക് വിട നല്‍കി രാജ്യം. പശ്ചിമബംഗാളിലെ ദക്ഷിണ ഖൈര്‍ബാരിയിലെ കടുവ സംരക്ഷണ കേന്ദ്രത്തിലായിരുന്നു രാജ എന്ന ബംഗാള്‍ കടുവയുടെ അന്ത്യം. 25 വയസ്സും 10 മാസവും പ്രായമുള്ള കടുവ ജൂലായ് 11 ന് രാവിലെ മൂന്നുമണിയോടെയാണ് അവസാന ശ്വാസമെടുത്തത്. രാജ്യത്തിന്റെ അഭിമാനമായിരുന്ന രാജ ഇനിയില്ലെന്നത് ദുഃഖകരമാണെന്നും, എന്നും ഓര്‍മയിലുണ്ടാകുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വീറ്റ് ചെയ്തു.

2008-ല്‍ ഒരു മുതലയുടെ ആക്രമണത്തെ തുടര്‍ന്ന് പിന്‍കാലുകളിലൊന്നിന് പരിക്കേറ്റ കടുവ, കൃത്രിമ കാലിന്റെ സഹായത്താലാണ് ജീവിച്ചിരുന്നത്. തുടര്‍ന്നാണ് 12 വയസ്സുള്ള രാജയെ ഖൈര്‍ബാരി സംരക്ഷണ കേന്ദ്രത്തിലേക്കെത്തിക്കുന്നത്. 14 വര്‍ഷത്തോളം സംരക്ഷണ കേന്ദ്രത്തിലായിരുന്നു രാജയുടെ ജീവിതം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വനത്തിലേക്ക് തിരികെ അയ്ക്കേണ്ടെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയ്ക്ക് ആദരമര്‍പ്പിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിട്ടുണ്ട്. സര്‍ക്കസ്സ് കേന്ദ്രങ്ങളില്‍ കടുവകള്‍ക്ക് നിരോധനം വന്നതോടെ ഇവയെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ് 2004-ല്‍ ഖൈര്‍ബാരി സംരക്ഷണ കേന്ദ്രം ആരംഭിക്കുന്നത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ സംരക്ഷണ കേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം രാജയുടെ 25-ാം പിറന്നാള്‍ സംരക്ഷണ കേന്ദ്രത്തില്‍ ആഘോഷിച്ചിരുന്നു. സാധാരണ കടുവകള്‍ക്ക് 18 വയസ്സ് വരെയാണ് ആയുസ്സെങ്കില്‍ രാജ 25 വയസ്സ് വരെ ജീവിച്ചുവെന്നത് അപൂര്‍വവും, ഇന്ത്യയ്ക്ക് അഭിമാനവുമാണെന്ന് കര്‍ണാടക എം.പി കൂടിയായ മോഹനും സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

Related Articles

Back to top button