Sports

വിജയ് ഹസാരെയിൽ നിന്ന് കേരളം പുറത്ത്

“Manju”

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ നിന്ന് കേരളം പുറത്ത്. കർണാടകത്തോട് 80 റൺസിന് തോൽവി വഴങ്ങിയാണ് കേരളം പുറത്തായത്. ക്വാർട്ടർ ഫൈനലിൽ ആദ്യം ബാറ്റുചെയ്ത കർണാടകയുടെ 338 റൺസ് പിന്തുടർന്ന കേരളത്തിന് 43.4 ഓവറിൽ 258 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. വത്സൽ ഗോവിന്ദിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും അർദ്ധസെഞ്ച്വറി പ്രകടനമാണ് കേരളത്തെ വലിയ നാണക്കേടിൽ നിന്നും രക്ഷപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കര്‍ണാടകയ്ക്ക് നായകൻ ആര്‍ സമര്‍ത്ഥ്, മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സമർത്ഥിന് 8 റൺസിന് അകലെയാണ് ഇരട്ട സെഞ്ച്വറി നഷ്ടമായത്. 43ാം ഓവറിലാണ് കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അപ്പോഴേക്കും ഓപ്പണിംഗ് വിക്കറ്റില്‍ 249 റണ്‍സായിരുന്നു. സമര്‍ത്ഥ് 158 പന്തിൽ 192 റൺസും ദേവ്ദത്ത് 119 പന്തിൽ 101 റൺസുമെടുത്തു. ഇവരുടെ പ്രകടനത്തിന്റെ മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് കർണാടക 337 റൺസ് എടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേ പിഴച്ചു. സ്കോർ 15ൽ നിൽക്കേ  ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെയും രോഹന്‍ കുന്നുമേലിനെയും നഷ്ടമായി. വിഷ്ണു വിനോദ് ചെറിയ രീതിയിൽ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും 28 റൺസെടുത്ത് വിഷ്ണു പുറത്തായി.  നാലാം വിക്കറ്റിൽ വത്സലും ക്യപ്റ്റൻ സച്ചിൻ ബേബിയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. 24ാം ഓവറിൽ സച്ചിൻ പുറത്തായതിനു പിന്നാലെ എത്തിയ അസ്ഹറുദ്ദീനും വത്സലും ചേർന്ന് കേരളത്തിന് വിജയപ്രതീക്ഷ നൽകിയെങ്കിലും അതിനു സാധിച്ചില്ല. അഞ്ചാം വിക്കറ്റിൽ ഇരുവരും 92 റൺസ് കൂട്ടിച്ചേർത്തു. ഇവരുടെ കൂട്ടുകെട്ട് പിരിഞ്ഞതോട് കേരള താരങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറി.

Related Articles

Back to top button