IndiaLatest

ജഗ്ദീപ് ധന്‍കര്‍ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

“Manju”

 

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു സ്വന്തം സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ 17ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരുമെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി ദേശീയ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

രാജസ്ഥാന്‍ സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ 2019 ജൂലൈ 30 മുതല്‍ ബംഗാള്‍ ഗവര്‍ണറാണ്. സുപ്രീം കോടതി അഭിഭാഷകനായിരുന്നു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്ന് ജനതാദള്‍ ടിക്കറ്റില്‍ മത്സരിച്ച്‌ ലോക്സഭാംഗമായി. 1993-98ല്‍ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായി. കര്‍ഷക കുടുംബത്തില്‍ ജനിച്ച വ്യക്തിയും സാധാരണക്കാരനുമാണ് ധന്‍കറെന്ന് നഡ്ഡ വിശേഷിപ്പിച്ചു.

Related Articles

Back to top button