പൂനെ: പ്രശസ്ത ഫുഡ് വ്ലോഗർ നടാഷ ദിദീ (50) അന്തരിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. നടാഷയുടെ മരണവാർത്ത സഹോദരനാണ് അറിയിച്ചത്.
‘ദ് ഗട്ട്ലെസ് ഫുഡി‘ എന്നാണ് നടാഷയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ പേര്. ഈ പേജിലെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. പാചകക്കുറിപ്പും ലൈഫ്സ്റ്റൈല്‍ വീഡിയോകളുമാണ് നടാഷ തന്റെ അക്കൗണ്ടില്‍ പങ്കുവക്കുന്നത്.
നടാഷയുടെ മരണ കാരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നാല്‍, തനിക്ക് ആരോഗ്യപരമായി നിരവധി അസുഖങ്ങള്‍ ഉണ്ടായിരുന്നെന്ന് നടാഷ നിരവധി തവണ വെളിപ്പെടുത്തിയിട്ടുണ്ട്. വയറില്‍ മുഴകള്‍ രൂപപ്പെട്ടതിനെ തുടർന്നു ശസ്ത്രക്രിയയിലൂടെ നടാഷയുടെ ആമാശയം നീക്കം ചെയ്തിരുന്നു. ഇതിനുശേഷം വളരെക്കുറച്ചു ഭക്ഷണം മാത്രമേ കഴിക്കാനാകുമായിരുന്നുളളൂ. ഭക്ഷണം കഴിച്ചതിനുശേഷം തലകറക്കവും ക്ഷീണവും നടാഷയ്ക്ക് സാധാരണ അനുഭവപ്പെടാറുണ്ടായിരുന്നു.
‘കഴിഞ്ഞ 12 വർഷമായി ആമാശയമില്ലാതെ ജീവിക്കുകയായിരുന്നു എന്റെ ഇളയ സഹോദരി നടാഷ. അവളുടെ 50-ാം ജന്മദിനത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം അവള് അന്തരിച്ചു. എന്റെ ഇളയ സഹോദരിയെ നഷ്ടപ്പെട്ടതിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. ഞങ്ങളുടെ നടാഷ വളരെ വലിയൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. അവള് പോകുന്നിടത്തെല്ലാം അവളുടെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞിരുന്നു.’- നടാഷയുടെ സഹോദരൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.