Latest

ശ്രീലങ്കയിൽ അവശ്യവസ്തുകൾക്കായി നട്ടം തിരിഞ്ഞ് ദ്വീപ് ജനത

“Manju”

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പണപ്പെരുപ്പം ഉയരുന്നു. ജൂലൈ മാസത്തിൽ 60.8 ശതമാനമായാണ് പണപ്പെരുപ്പം വർധിച്ചത്. ജൂണിൽ ഇത് 54.6 ശതമാനമായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം 75 ശതമാനത്തിലെത്തുമെന്നാണ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്.

ഭക്ഷ്യവിലക്കയറ്റവും രാജ്യത്ത് വൻ തോതിൽ ഉയർന്നിട്ടുണ്ട്. ജൂണിൽ 80.1 ശതമാനമായിരുന്ന ഈ നിരക്ക് ജൂലൈ മാസം അവസാനിക്കുമ്പോൾ 90.9 ശതമാനത്തിലെത്തിയിട്ടുണ്ട്. രാജ്യത്തെ സെൻസസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് വിവരങ്ങൾ പുറത്തുവിട്ടത്.

1948-ന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക തകർച്ചയിലൂടെ കടന്നുപോകുന്ന ശ്രീലങ്കക്കാർ അവശ്യവസ്തുക്കൾ ഉൾപ്പെടെ എല്ലാത്തിനും ക്ഷാമം നേരിടുകയാണ്. ഇന്ധനത്തിനായി കിലോമീറ്ററുകൾ നീണ്ടുനിൽക്കുന്ന ജനങ്ങളെ ഇപ്പോഴും കാണാം. ഭരണകർത്താക്കളായിരുന്ന രജപക്സെ കുടുംബമാണ് ദ്വീപ് രാഷ്‌ട്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്നാണ് ആക്ഷേപം.

അതേസമയം ഇതുവരെ 5 ബില്യൺ ഡോളറിന്റെ സഹായങ്ങളാണ് ശ്രീലങ്കയ്‌ക്ക് ഇന്ത്യ കൈമാറിയത്. ജനുവരിയിൽ 400 മില്യൺ ഡോളർ കറൻസി ശ്രീലങ്കയ്‌ക്ക് നൽകിയിരുന്നു. കൂടാതെ ഡോളർ വായ്പാ തിരിച്ചടവ് മാറ്റിവെയ്‌ക്കൽ, ക്രഡിറ്റ് ലൈനുകൾ നൽകൽ എന്നിവയും ഇന്ത്യ ചെയ്ത സഹായങ്ങളിൽ ഉൾപ്പെടുന്നു. 51 ബില്യൺ ഡോളറിലധികം കടം നിലവിൽ ശ്രീലങ്കയ്‌ക്കുണ്ടെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button