KeralaLatest

41-ാം വയസില്‍ അമ്മ മകനൊപ്പം പി എസ് സി ലിസ്റ്റില്‍

“Manju”

ഒരുമിച്ച്‌ പി.എസ്.എസി ലിസ്റ്റില്‍ കയറി ജോലി ഉറപ്പാക്കിയ സന്തോഷത്തിലാണ് അരീക്കോട് സൗത്ത് പുത്തലത്ത് അങ്കണവാടി ജീവനക്കാരിയായ ബിന്ദുവും (41) മകന്‍ വിവേകും (24).
കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച എല്‍.ജി.എസ് ലിസ്റ്റില്‍ ബിന്ദുവിന് 92ഉം എല്‍.ഡി.സി ലിസ്റ്റിലുള്ള വിവേകിന് 38ഉം ആണ് റാങ്ക്. ഒരേ കോച്ചിംഗ് സെന്ററിലായിരുന്നു ഇരുവരുടെയും പഠനം. അഡ്വൈസ് മെമ്മോ കാത്തിരിക്കുകയാണ് അമ്മയും മകനും.
2011ലാണ് ബിന്ദു അരീക്കോട് പ്രതീക്ഷ പി.എസ്.സി സെന്ററില്‍ പരിശീലനം തുടങ്ങിയത്. 11 വര്‍ഷമായി അങ്കണവാടി അദ്ധ്യാപികയായ ബിന്ദുവിന് നല്ല വരുമാനമുള്ള സര്‍ക്കാര്‍ ജോലി വേണമെന്നായിരുന്നു ആഗ്രഹം. വീട്ടുജോലികള്‍ക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പി.എസ്.സിക്കായി പഠിച്ചു. 2019ല്‍ ബി.എസ്.സി ജ്യോഗ്രഫി പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ വെറുതെ ഇരുന്ന മകനെയും പഠനത്തിന് ഒപ്പം കൂട്ടി. ജോലിയുള്ളതിനാല്‍ ഞായറാഴ്ചകളില്‍ മാത്രമാണ് ബിന്ദു കോച്ചിംഗ് സെന്ററില്‍ പോയത്. എല്ലാ ദിവസവും പരിശീലനത്തിന് പോയ വിവേക് വീട്ടിലെത്തിയാല്‍ പഠിച്ചത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കും. പരീക്ഷയ്ക്ക് നാല് മാസം മുന്‍പ് ബിന്ദു ലീവെടുത്ത് എല്ലാ ദിവസവും മകനൊപ്പം കോച്ചിംഗ് സെന്ററില്‍ പോയി. വീട്ടുജോലി കഴിഞ്ഞാല്‍ ഇരുവരും ഒരുമിച്ചിരുന്നാണ് പഠനം. പരീക്ഷ കഴിഞ്ഞപ്പോള്‍ നല്ല റാങ്ക് പ്രതീക്ഷിച്ചു.
ഹിന്ദു ഒ.ബി.സിക്കാര്‍ക്ക് 39 വയസ് വരെ പി.എസ്.സിക്ക് അപേക്ഷിക്കാം. 2019ല്‍ എല്‍.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോള്‍ ബിന്ദുവിന് പ്രായം 38. 2021 ഡിസംബറില്‍ 40 വയസുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്. മുന്‍പ് എല്‍.ജി.എസും എല്‍.ഡി.സിയും എഴുതിയെങ്കിലും ആയിരത്തിനു മീതെയായിരുന്നു റാങ്ക്. ഒരുമിച്ചുള്ള പഠനമാണ് വിജയം എളുപ്പമാക്കിയതെന്ന് ബിന്ദു പറഞ്ഞു. ഭര്‍ത്താവ് ചന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ്.

Related Articles

Back to top button