Uncategorized

അരി വിലയും കുതിക്കുന്നു : മൂന്ന് മാസത്തിനിടെ 10 രൂപ വര്‍ധിച്ചു

“Manju”

തൃശൂര്‍: വിലക്കയറ്റത്തില്‍ രാജ്യം വലയുമ്ബോള്‍ കേരളത്തിന് തിരിച്ചടിയായി അരി വിലയും കുതിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് മുതല്‍ 10 രൂപ വരെയാണ് കിലോക്ക് കയറിയത്.
മൊത്തം-ചില്ലറ വിലയില്‍ മൂന്ന് രൂപയിലധികം വ്യത്യാസമുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജയ അരിയാണ് വിലക്കയറ്റത്തില്‍ മുമ്ബന്‍. 30-35 രൂപയായിരുന്ന ചില്ലറ വില 45 എത്തിനില്‍ക്കുകയാണ്. മൊത്തവിപണിയില്‍ തന്നെ 40 രൂപയാണ്. ശനിയാഴ്ച 37 ഉണ്ടായിരുന്നത് തിങ്കളാഴ്ച 39ലേക്കും പിന്നീട് 40ലേക്കും കയറി. ഇതോടെയാണ് ചില്ലറ വില 45ല്‍ എത്തിയത്. വില ഇനിയും ഉയരാനുള്ള സാധ്യതയാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തിന് കൂടുതല്‍ ആവശ്യമുള്ള ജയ, സുരേഖ എന്നീ അരി ആന്ധ്രയില്‍നിന്നാണ് എത്തുന്നത്. ആന്ധ്രയില്‍ പുതിയ വിളവെടുപ്പ് തുടങ്ങിയെങ്കിലും നെല്ല് അരിയാക്കുന്ന പ്രക്രിയക്ക് കാലതാമസം വരുന്നുണ്ട്. രാജ്യത്താകെയുണ്ടായ വൈദ്യുതി തടസ്സം മൂലം ആന്ധ്രയിലെ മില്ലുകള്‍ക്ക് പ്രവര്‍ത്തന നിയന്ത്രണമുണ്ട്.
ആഴ്ചയില്‍ മൂന്ന് ദിവസം അഞ്ച് മണിക്കൂര്‍ മാത്രമാണ് അവിടെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നത്. മില്ലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ആവശ്യത്തിനനുസരിച്ച്‌ നെല്ല് അരിയാക്കാന്‍ പറ്റുന്നില്ല. അതേസമയം, കേരളത്തിന്‍റെ വന്‍തോതിലുള്ള ആവശ്യം പരിഗണിച്ച്‌ മില്ലുടമകള്‍ പാടശേഖരങ്ങളില്‍ നേരിട്ടെത്തി നെല്ല് ശേഖരിക്കുന്നുണ്ട്. ഡിമാന്‍ഡ് കൂട്ടി വില വല്ലാതെ കൂട്ടാനാണ് നേരിട്ടെത്തിയുള്ള ശേഖരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തില്‍ സപ്ലൈകോ വഴി പാടങ്ങളില്‍നിന്ന് ശേഖരിക്കുന്ന മട്ട അരിക്കും വില കുതിക്കുകയാണ്. കിലോക്ക് 30ല്‍ താഴെ വിലയുണ്ടായിരുന്ന മട്ടക്ക് 39 രൂപയാണ് ഇപ്പോള്‍ മൊത്തവില. ചില്ലറ വില 41-43 ആയിട്ടുണ്ട്. കനത്ത ചൂടും പിന്നീട് അതിതീവ്ര മഴയും നെല്ലിന്‍റെ ലഭ്യത കുറയാന്‍ ഇടവരുത്തിയെന്നും ഇതാണ് മട്ട അരിക്ക് വില കൂടാന്‍ കാരണമെന്നും പറയുന്നു. എന്നാല്‍ മട്ട അരിക്ക് ജയ അരിക്കൊപ്പം അനാവശ്യമായ വില കൂട്ടുകയാണെന്ന ആക്ഷേപമാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള കുറുവ അരിക്ക് മൊത്തവില 33ല്‍ എത്തി നില്‍ക്കുമ്ബോള്‍ ചില്ലറവില 35 രൂപക്ക് മുകളിലാണ്. വിപണിയില്‍ പരിശോധനയും നടപടികളും ഇല്ലാത്തതിനാല്‍ പൂഴ്ത്തിവെപ്പിലേക്കും കൃത്രിമ വിലക്കയറ്റത്തിലേക്കുമാണ് നീങ്ങുന്നത്.

Related Articles

Back to top button