India

പൗരത്വം സ്ഥിരീകരിച്ച 358 പേരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ

“Manju”

ന്യൂഡൽഹി: പാകിസ്താൻ തടവിലാക്കിയ 356 മത്സ്യതൊഴിലാളികളെയും രണ്ട് സാധാരണ പൗരൻമാരെയും ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കപ്പെട്ടവരുടെ മോചനമാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. പാകിസ്താൻ പിടികൂടിയ ഇന്ത്യക്കാരെന്ന് സ്ഥിരീകരിക്കാത്ത 182 മത്സ്യതൊഴിലാളികൾക്കും 17 സാധാരണക്കാർക്കും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള അനുമതി നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

2008 ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. എല്ലാവർഷവും ജനുവരി 1 നും ജൂലൈ 1 നും തടവുകാരുടെ പട്ടിക പരസ്പരം കൈമാറമെന്നാണ് കരാറിലെ വ്യവസ്ഥ. അതുപ്രകാരം പാകിസ്താൻ നൽകിയ പട്ടികയിലെ 358 പേരുടെ ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കപ്പെട്ടു. ഇവരെയാണ് എത്രയും വേഗത്തിൽ മോചിപ്പിച്ച് സ്വന്തം രാജ്യത്തേയ്‌ക്ക് തിരിച്ചയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ തടവിലുള്ള 355 പാകിസ്താൻ പൗരൻമാരുടെ പട്ടിക ഇന്ത്യയും കൈമാറിയിട്ടുണ്ട്.

ഇവരുടെ പൗരത്വ രേഖകൾ ഹാജരാക്കണമെന്നും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടുണ്ട്. പാകിസ്താന്റെ തടവിലുള്ള ഇന്ത്യക്കാർക്ക് നയതന്ത്ര പരിരക്ഷയും ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി മെഡിക്കൽ സേവനവും നൽകണമെന്നും വിദേശ കാര്യ മന്ത്രാലയം നിർദ്ദേശിച്ചു.

Related Articles

Back to top button