InternationalLatest

യു.എന്‍ സുരക്ഷാ സമിതിയില്‍ ആദ്യമായി റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ

“Manju”

വാഷിംഗ്ടണ്‍ : യുക്രെയിന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ (യു.എന്‍) സുരക്ഷാ സമിതിയില്‍ ആദ്യമായി റഷ്യയ്ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ. ബുധനാഴ്ച നടന്ന ഒരു നടപടിക്രമ വോട്ടിലാണ് ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്തത്.

യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ സുരക്ഷാസമിതിയില്‍ റഷ്യയ്ക്കെതിരെ നടന്ന വോട്ടെടുപ്പുകളില്‍ നിന്നെല്ലാം ഇന്ത്യ വിട്ടുനിന്നിരുന്നു. യു.എസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇതിനോട് അതൃപ്തിയുണ്ടായിരുന്നു. ആറ് മാസമായി തുടരുന്ന അധിനിവേശം വിലയിരുത്താന്‍ ബുധനാഴ്ച ചേര്‍ന്ന 15 അംഗ യു.എന്‍ സുരക്ഷാ സമിതി യോഗത്തിലേക്ക് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കിയെ വെര്‍ച്വലായി അഭിസംബോധന ചെയ്യാന്‍ ക്ഷണിച്ചിരുന്നു.

യുക്രെയിന്റെ 31-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചായിരുന്നു ഇത്. സെലെന്‍സ്കി പങ്കെടുക്കുന്നതിന് മുമ്പ് അതിനായി ഒരു നടപടിക്രമ വോട്ട് നടത്തണമെന്ന് യോഗം തുടങ്ങിയപ്പോള്‍ റഷ്യന്‍ അംബാസഡര്‍ വാസിലി എ നെബെന്‍സിയ ആവശ്യപ്പെട്ടു.

ഇന്ത്യ ഉള്‍പ്പെടെ 13 അംഗങ്ങള്‍ സെലെന്‍സ്കിയെ ക്ഷണിക്കാനായി അനുകൂല വോട്ട് രേഖപ്പെടുത്തി. റഷ്യ സെലെന്‍സ്കി പങ്കെടുക്കുന്നതിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ചൈന വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു. സെലെന്‍സ്കി പങ്കെടുക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ വീഡിയോയിലൂടെയുള്ള അഭിസംബോധനയ്ക്ക് പകരം അത് നേരിട്ടായിരിക്കണമെന്നുമായിരുന്നു റഷ്യയുടെ ആവശ്യം. കൊവിഡ് സമയത്ത് സുരക്ഷാ സിമിതി വെര്‍ച്വല്‍ രീതിയില്‍ പ്രവര്‍ത്തിച്ചെന്നും ഇത് അനൗപചാരികമായിരുന്നെന്നും ഇപ്പോള്‍ പഴയ രീതിയിലേക്ക് മടങ്ങിയെത്തിയെന്നും റഷ്യ ചൂണ്ടിക്കാട്ടി.

യുക്രെയിന്‍ യുദ്ധത്തിലാണെന്നും ഈ സാഹചര്യത്തില്‍ അവിടത്തെ പ്രസിഡന്റ് രാജ്യത്ത് തന്നെ തുടരേണ്ടത് അനിവാര്യമാണെന്നും എല്ലാ അംഗങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള സെലെന്‍സ്കിയുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കണമെന്നും അല്‍ബേനിയ പ്രതികരിച്ചു.

യുക്രെയിന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ അടക്കം തീര്‍ത്തപ്പോള്‍ ഇന്ത്യ റഷ്യയെ വിമര്‍ശിക്കാന്‍ തയ്യാറായില്ല. പകരം,​ നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. യു.എന്‍ സുരക്ഷാ സമിതിയില്‍ രണ്ട് വര്‍ഷത്തേക്ക് താത്കാലിക അംഗമായിട്ടുള്ള ഇന്ത്യയുടെ കാലാവധി ഈ ഡിസംബറില്‍ അവസാനിക്കും.

 

Related Articles

Back to top button