Uncategorized

യുക്രെയ‍്‍നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍

“Manju”

ദില്ലി : യുദ്ധത്തെ തുടര്‍ന്ന് യുക്രെയ‍്‍നില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍. തുടര്‍പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

റഷ്യയുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യവിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച്‌ വരികയാണെന്നും ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങളും പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടലിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. യുക്രെയ്നില്‍ പഠനം തുടരാനാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. അടുത്ത അധ്യയന വര്‍ഷം സെപ്തംബറില്‍ യുക്രെയ്നില്‍ തുടങ്ങും. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അവിടേക്ക് പോകാനാകാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.

ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാമെന്ന യുക്രെയ്ന്റെ വാഗ്‍ദാനം പ്രതീക്ഷ ഏകുന്നുണ്ടെങ്കിലും ക്ലിനിക്കല്‍ പരിശീലനം എങ്ങനെ പൂര്‍ത്തിയാക്കും എന്നതില്‍ ആശങ്ക ബാക്കിയാണ്. സെപ്തംബറില്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ഫീസ് അടക്കേണ്ട സാഹചര്യവും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുണ്ട്. പഠനത്തിനായി തിരികെ പോകാനാകുമോ എന്നതില്‍ വ്യക്തത വരുത്താതെ ലക്ഷങ്ങള്‍ എങ്ങനെ ഫീസ് നല്‍കുമെന്നതും വിദ്യാര്‍ത്ഥികളെ കുഴക്കുന്നുണ്ട്.

യുക്രെയ‍്‍നില്‍ നിന്ന് മടങ്ങിയെത്തിയ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ തുടര്‍ പഠനത്തിന് സാഹചര്യമൊരുക്കാനുള്ള ശ്രമം നടത്തുമെന്ന് റഷ്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ അറിയിച്ചിരുന്നു. എന്നാല്‍ യുക്രെയ്ന്‍ ടിസി നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ ഈ നീക്കവും വിജയിച്ചില്ല. പഠനം പ്രതിസന്ധിയിലായവരില്‍ കേരളത്തില്‍ നിന്നുള്ള 3,687 വിദ്യാര്‍ത്ഥികളും ഉണ്ട്. ഇവരുടെ കാര്യങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 10 കോടി അനുവദിച്ചെങ്കിലും വിനിയോഗിക്കാനായിട്ടില്ല. ഇന്ത്യയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നല്‍കണമെന്നാണ് യുക്രെയ‍്‍നില്‍ നിന്ന് തിരികെ എത്തിയ വിദ്യാര്‍ഥികളുടെ ആവശ്യം, പ്രായോഗിക പരിശീലനം അനുവദിക്കണമെന്നും ആവശ്യം ഉണ്ട്. എന്നാല്‍ നിലവിലെ നിയമങ്ങള്‍ അനുസരിച്ച്‌ അത് നടക്കാനും സാധ്യതയില്ല.

Related Articles

Back to top button