അരൂര്‍ : മണ്ഡലത്തിലെ ഗതാഗതസൗകര്യങ്ങളില്‍ ഇനിയും വികസനസാധ്യതകളേറെ. ദേശീയപാത കടന്നുപോകുന്ന അഞ്ച് പഞ്ചായത്തുകള്‍ മണ്ഡലത്തിലുണ്ട്. ജലഗതാഗതത്തിന് അനന്തസാധ്യതകള്‍ ഉണ്ടെങ്കിലും അത് വികസിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് ഇത്തരം പ്രശ്നങ്ങളാണ്.
ജലഗതാഗതം
അരൂര്‍ മണ്ഡലത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി നിര്‍ദേശിക്കാവുന്നത് ജലഗതാഗതമാണ്. കായല്‍തീരത്താണ് മണ്ഡലത്തിലെ 10 പഞ്ചായത്തും. പതിറ്റാണ്ടുകളായി ചരക്കുകള്‍ കടത്തിയിരുന്നത് ജലമാര്‍ഗമാണ്. കൂടുതല്‍ യാത്രകളും ജലയാനത്തില്‍ ആയിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്ബുവരെ അരൂക്കുറ്റിയില്‍നിന്ന് എറണാകുളത്തേക്കും കൊല്ലത്തേക്കും ബോട്ടുസര്വിസ് ഉണ്ടായിരുന്നു. പെരുമ്ബളത്തുനിന്ന് ആരംഭിച്ച് അരൂര്‍, അരൂക്കുറ്റി, ഇടക്കൊച്ചി കുമ്ബളം, പനങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്പര്‍ശിച്ച് എറണാകുളത്തേക്ക് ബോട്ടുണ്ടായിരുന്നതാണ്. റോഡ് ഗതാഗതത്തിെന്റ വിപുലീകരണത്തോടെയും കാലോചിതമായി ജലയാനങ്ങളുടെ പരിഷ്കരണം നടക്കാതെയും വന്നതോടെയാണ് ഇത് അപ്രത്യക്ഷമായത്.
ദേശീയ ജലപാതയുടെ ആരംഭത്തോടെ കേരളത്തില്‍ ദീര്ഘജലയാത്രകളുടെ അനന്തസാധ്യതകള്‍ വീണ്ടും തെളിഞ്ഞു. ജലയാത്രയുടെ സാധ്യതപഠനത്തിന് ഏറ്റവും യോജിച്ച സ്ഥലമാണ് അരൂര്‍ മണ്ഡലം. ഏതാണ്ട് എല്ലാ പഞ്ചായത്തുകളും കായലുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. പല പഞ്ചായത്തിലും കായല്‍തീരങ്ങളില്‍ ബോട്ടുജെട്ടികളുണ്ട്. ബോട്ട് സര്‍വിസ് കാര്യക്ഷമമാകുന്നതോെട ആവശ്യമായ സൗകര്യങ്ങള്‍ പഞ്ചായത്തുകള്‍ക്കുതന്നെ നിര്‍മിക്കാം.വൈക്കത്തുനിന്ന് രാവിലെ എറണാകുളത്തേക്ക് സര്‍വിസ് ആരംഭിച്ച സോളാര്‍ ബോട്ടില്‍ നിറയെ യാത്രക്കാരാണ്. അരൂക്കുറ്റിയില്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
റെയില്‍വേ
1989ല്‍ നിലവില്‍ വന്ന തീരദേശ റെയില്‍വേയും അരൂര്‍ മണ്ഡലത്തിലെ റെയില്‍വേ യാത്രക്കാരുടെ യാത്രാസൗകര്യങ്ങള്‍ക്ക് ഇനിയും പുരോഗതി വേണം. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പെടെ സ്റ്റോപ് ഇപ്പോഴുമില്ല. വലിയ സ്റ്റേഷനായി അരൂര്‍ വികസിക്കാന്‍ അഞ്ച് ഏക്കര്‍ റെയില്‍വേ വാങ്ങിയിരുന്നു. എന്നാല്‍, നിര്‍മാണവേളയിലുണ്ടായ തൊഴില്‍ തര്‍ക്കങ്ങള്‍ റെയില്‍വേ സ്റ്റേഷന് വികസനത്തെ തടസ്സപ്പെടുത്തി. ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന സ്റ്റേഷനായി പരിമിതപ്പെട്ടിരിക്കുകയാണ്. സ്റ്റേഷന് പൂട്ടാനുള്ള പല നടപടികളും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി ഇക്കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അരൂര്‍ റെയില്‍വേ സ്റ്റേഷന് നഷ്ടമാകും.
റോഡ് ഗതാഗതം
കൊച്ചിയെ ആശ്രയിച്ചാണ് മണ്ഡലത്തിലെ ജനങ്ങള്‍ അധികവും ജീവിക്കുന്നത്. 1962ല്‍ അരൂര്‍ -ഇടക്കൊച്ചി പാലം നിലവില്‍ വന്നതോടെയാണ് കൊച്ചിയിലേക്കുള്ള റോഡ് ഗതാഗതം ആരംഭിച്ചത്. അതിനുമുമ്ബ് കേവുവള്ളങ്ങളിലായിരുന്നു ചരക്ക് കടത്തും യാത്രകളും. 1987ല്‍ എറണാകുളത്തേക്ക് ബൈപാസ് വന്നതോടെ ദേശീയപാത വഴി ഗതാഗതം മെച്ചപ്പെട്ടു. എറണാകുളത്തേക്ക് 15 കിലോമീറ്റര്‍ മാത്രേമ ദൂരമുള്ളൂ എങ്കിലും മണിക്കൂറുകള്‍ ഗതാഗത തടസ്സങ്ങളില്‍ കുരുങ്ങിക്കിടക്കാറുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത് അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാതയിലാണ്.ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത് അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള എലിവേറ്റഡ് ഹൈവേ എന്നതാണ്. ഇതിന് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി ആലപ്പുഴ ബൈപാസ് ഉദ്ഘാടനവേളയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനപ്പെരുപ്പവും റോഡ് വികസിപ്പിക്കുന്നതിന് സ്ഥലമെടുപ്പിനുള്ള തടസ്സവുമാണ് എലിവേറ്റഡ് ഹൈവേയെക്കുറിച്ച് ആലോചിക്കാന്‍ കാരണം.
13 കിലോമീറ്റര്‍ നീളത്തില്‍ എലിവേറ്റഡ് ഹൈവേ മണ്ഡലത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കിഴക്കന്‍ മേഖലയായ അരൂക്കുറ്റി മുതല്‍ പള്ളിപ്പുറം വരെയുള്ള പഞ്ചായത്ത് നിവാസികള്‍ക്ക് യാത്ര എളുപ്പമാക്കാന്‍ സൗകര്യങ്ങള്‍ കുറവാണ്. തുറവൂര്‍ -തൈക്കാട്ടുശ്ശേരി പാലം നിലവില്‍വന്നിട്ടുണ്ടെങ്കിലും ചേര്‍ത്തല -അരൂക്കുറ്റി റോഡില്‍നിന്ന് സ്വകാര്യബസ് സര്‍വിസുകള്‍ ഈ പാതയിലൂടെ ആരംഭിച്ചിട്ടില്ല.