IndiaLatest

ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുതിച്ചുയര്‍ന്നു

“Manju”

ദില്ലി: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയരുകയും തിരിച്ചുള്ള കയറ്റുമതിയില്‍ കുറവെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 33.4 ശതമാനമാണ് കുറഞ്ഞത്. അതേസമയം ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 24.7 ശതമാനം വര്‍ധിച്ചു. ചൈനയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മന്ദതയാണ് ഇപ്പോഴത്തെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി താഴെ പോകാന്‍ കാരണമെന്നാണ് കരുതുന്നത്.

എന്നാല്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുള്ള ആകെ കയറ്റുമതിയില്‍ 20.1 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. സീറോ കൊവിഡ് പോളിസി, പ്രോപ്പര്‍ട്ടി സെക്ടറില്‍ ഉണ്ടായ തിരിച്ചടി, തുടങ്ങിയ പലവിധ കാരണങ്ങളാല്‍ ചൈനയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്ന് നാഫ്ത പോലുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി ഇതേ കാലത്ത് 81 ശതമാനം വര്‍ധന നേടി. ഓര്‍ഗാനിക് കെമിക്കലുകളുടെ കയറ്റുമതി 38.3 ശതമാനം താഴേക്ക് പോയി, ഇരുമ്പുരുക്ക് കയറ്റുമതി 78 ശതമാനവും അലുമിനിയം കയറ്റുമതി 84 ശതമാനവും ഇടിഞ്ഞു. ലോണ്‍ ബസുമതി അരിയുടെ കയറ്റുമതി 140 ശതമാനം വര്‍ധിച്ചു. മറൈന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ 18 ശതമാനവും വര്‍ധനവുണ്ടായി.

ഇതേസമയം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉയരുന്നതാണ് കണ്ടത്. വിദേശരാജ്യങ്ങളില്‍ നിന്നെല്ലാമുള്ള ആകെ ഇറക്കുമതിയും ഈ കാലത്ത് വര്‍ദ്ധിച്ചു. ആകെ ഇറക്കുമതിയില്‍ 48.1 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഈ സമയത്ത് 24.7 ശതമാനം ഉയര്‍ന്നു. ഇതോടെ 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസത്തെ വ്യാപാര കമ്മി 28.6 ബില്യണ്‍ ഡോളറായി.

Related Articles

Back to top button