KeralaLatest

മാവേലി ഡ്രൈവിംഗ് സീറ്റില്‍ !

“Manju”

ചെറുവത്തൂര്‍: ഉത്രാടം നാളില്‍ മാവേലി ബസ് ഓടിച്ച്‌ ബസ്‌സ്റ്റാന്‍ഡിലെത്തിയപ്പോള്‍ യാത്രക്കാരും നാട്ടുകാരും കൗതുത്തോടെ ചുറ്റും കൂടി.
സിനിമാ-നാടകനടനും സംവിധായകനുമായ സുജിത്ത് ബങ്കളമാണ് ഉത്രാടം നാളില്‍ ജനകീയ ബസോടിച്ച്‌ ചെറുവത്തൂര്‍ ബസ്‌സ്റ്റാന്‍ഡിലെത്തിയത്.

കോവിഡ് മഹാമാരിയെ നിയന്ത്രിച്ചു നിര്‍ത്തി നടക്കുന്ന ആദ്യ ഓണാഘോഷപരിപാടികളില്‍ കലാരംഗത്തുള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചതിന്‍റെ ആഹ്ലാദം പ്രകടിപ്പിക്കാനാണ് സുജിത്ത് ബങ്കളം മാവേലിയുടെ വേഷവിധാനങ്ങളോടെ സ്വകാര്യ ബസ് ഓടിച്ചെത്തിയത്.
സഹപ്രവര്‍ത്തകന്‍ മാവേലി വേഷമിട്ടെത്തിയത് ബസ് തൊഴിലാളികള്‍ക്ക് ആവേശമായി.

അവര്‍ ടൗണിലെ ഹോട്ടലില്‍ കൊണ്ടുപോയി ചായയും ഇലയടയും വാങ്ങിക്കൊടുത്താണ് അടുത്ത ട്രിപ്പ് എടുക്കാന്‍ വിട്ടത്. പുറത്തിറങ്ങിയതും ഇനി ഇറങ്ങാനുള്ളതുമായ ഏതാണ്ട് 15 സിനിമകളില്‍ ഇതിനകം സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ഒടുവില്‍ “ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലും അഭിനയിച്ചു.

ജില്ലയില്‍ത്തന്നെ ചിത്രീകരണം നടന്നുവരുന്ന സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തുന്ന സിനിമയിലും അര്‍ജുന്‍ അശോകന്‍ നായകനാകുന്ന പ്രേമസല്ലാപത്തിലും സുജിത്തിന് അവസരം ലഭിച്ചിട്ടുണ്ട്. 13 വര്‍ഷമായി സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് ഇപ്പോള്‍ കാരി-ചെറുവത്തൂര്‍, പടന്നക്കടപ്പുറം- വലിയപറമ്ബ് ജനകീയം ബസിന്‍റെ സാരഥിയാണ്.

സംസ്ഥാന എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പ് സംയുക്തമായി പുറത്തിറക്കിയ ബോധവത്കരണ സിനിമയില്‍ അഭിനയിക്കുകയും പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുകയും ചെയ്തു.

300 ലധികം വേദികളില്‍ സിനിമ ഇതിനകം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കലാരംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന 36 കാരനായ ഈ യുവാവ് സിനിമാനടന്‍ സന്തോഷ് കീഴാറ്റൂരിന്‍റെ പിതൃസഹോദര പുത്രനാണ്.

Related Articles

Back to top button