KeralaLatest

സന്ന്യാസദീക്ഷാ വാർഷികത്തിന്റെ പ്രാർത്ഥനചടങ്ങുകൾ വിദ്യാർത്ഥികൾക്ക് കൗതുകമായി

“Manju”

പോത്തൻകോട് : ഇന്ന് രാവിലെ ശാന്തിഗിരി ആശ്രമം സന്ദർശിക്കാനെത്തിയ കൊട്ടാരക്കര മാർത്തോമ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്പിരിച്വൽ സോണിൽ നടന്ന സന്ന്യാസദീക്ഷ വാർഷികത്തിന്റെ പ്രാർത്ഥനാചടങ്ങുകൾ കൗതുകമുണർത്തി. ആശ്രമ സന്ദർശനം എന്ന് കേട്ടപ്പോൾ മനസിലുണ്ടായിരുന്ന ചിന്തകളെ മാറ്റിമറിക്കുന്ന രീതിയിലായിരുന്നു ആശ്രമത്തിലെ അന്തരീക്ഷം. സന്ന്യാസസംഘം രാവിലെ 7.30 ന് പുഷ്പസമർപ്പണം നടത്തുന്ന സമയത്താണ് നൂറുപേരടങ്ങുന്ന വിദ്യാർത്ഥിസംഘം ആശ്രമത്തിലെത്തിചേർന്നത്. നിരനിരയായി ചിട്ടയോടെയും പ്രാർത്ഥനയോടെയും താമരപ്പർണ്ണശാലയിൽ പുഷ്പ സമർപ്പണം നടത്തുന്ന സന്യാസി- സന്യാസിനിമാരെ വിദ്യാർത്ഥികൾ കണ്ണെടുക്കാതെ നോക്കി നിന്നു. ശുഭ്രവസ്ത്രധാരികളായ ഗുരുഭക്തരെക്കൊണ്ട് നിറഞ്ഞ ആശ്രമാന്തരീക്ഷം വിദ്യാർത്ഥിനികൾക്ക് നന്നെ ഇഷ്ടപ്പെട്ടുവെന്ന് അധ്യാപകനായ ഒ. ഡാനിയേൽ പറഞ്ഞു. എനിക്കും സന്ന്യാസിയാകണമെന്ന് ഒരു വിദ്യാർത്ഥിനി ആഗ്രഹം പറഞ്ഞപ്പോൾ സന്ന്യാസിയായൽ നിനക്ക് പിന്നെങ്ങനെ ഡോക്ടറാകാൻ കഴിയുമെന്ന് മറ്റൊരു വിദ്യാർത്ഥിനി ചോദിച്ചപ്പോൾ ശാന്തിഗിരിയിലെ സന്ന്യാസിസംഘത്തിൽ ഡോക്ടർമാരും എഞ്ചിനീയർമാരും അധ്യപകരും പ്രിൻസിപ്പാളുമൊക്കെയുണെന്ന് ഒരു ഗുരുഭക്തൻ വിദ്യാർത്ഥികളോട് പറഞ്ഞു. ഒരു വട്ടം കൂടി ഈ തിരുമുറ്റത്തെത്തണമെന്ന മോഹവുമായാണ് വിദ്യാർത്ഥിനികൾ ആശ്രമത്തിന്റെ പടവുകൾ ഇറങ്ങിയത്. വിദ്യാർത്ഥികൾക്ക് ഇത് ആദ്യ സന്ദർശനമാണെങ്കിലും അധ്യാപകർ മുൻപും മറ്റുവിദ്യാർത്ഥികളുമായി ആശ്രമത്തിൽ എത്താറുണ്ടെന്ന് അധ്യാപകൻ ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.

Related Articles

Back to top button