IndiaLatest

സേനാപിന്മാറ്റം നിലച്ചു; രാജ്നാഥ് സിംഗിനെ സേനാ മേധാവി കണ്ടു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ സേനാപിന്മാറ്റ ധാരണ തടസപ്പെട്ടെന്ന സൂചനകള്‍ക്കിടെ,​ റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കരസേനാ മേധാവി ജനറല്‍ എം.എം. നരാവനെയും കൂടിക്കാഴ്‌ച നടത്തി. രണ്ടു ദിവസത്തെ ലഡാക്ക് സന്ദര്‍ശന വേളയില്‍ മനസിലാക്കിയ കാര്യങ്ങള്‍ സേനാ മേധാവി മന്ത്രിയെ ധരിപ്പിച്ചെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. രാജ്നാഥിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച.

റഷ്യന്‍ വിക്‌ടറി പരേഡില്‍ ക്ഷണിതാവായി പോയ രാജ്നാഥ് സിംഗ് റഷ്യന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ക്കും മറ്റും ശേഷം ഇന്നലെയാണ് തിരിച്ചെത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ യാത്രയ്‌ക്ക് മുന്‍പ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനും സേനാമേധാവികള്‍ക്കും രാജ്നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കരസേനാ മേധാവി ലഡാക് സന്ദര്‍ശിച്ചത്. അതിര്‍ത്തിയിലെ സൈനിക വിന്യാസങ്ങളെക്കുറിച്ചും കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-ചൈനാ കമാന്‍ഡര്‍ തല ചര്‍ച്ചയുടെ വിശദാംശങ്ങളും സേനാ മേധാവി മന്ത്രിയെ ധരിപ്പിച്ചു.

നേരത്തേ കമാന്‍ഡര്‍മാരുടെ ചര്‍ച്ചയിലാണ് അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായത്. ഔദ്യോഗിക പിന്മാറ്റം തുടങ്ങിയില്ലെങ്കിലും കഴിഞ്ഞ ദിവസം ചൈന ഗാല്‍വനില്‍ നിന്ന് ഒരു കിലോമീറ്റര്‍ പിന്മാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം മറ്റെങ്ങും ചൈനീസ് സേന പിന്മാറിയിട്ടില്ല. മാത്രമല്ല,​അവര്‍ സൈനിക സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ലഡാക് അതിര്‍ത്തിയില്‍ പാംഗോംഗ് തടാകത്തിന് വടക്ക് ഫിംഗര്‍ നാല്, ദേപ്‌സാംഗ് മേഖലകളില്‍ ചൈന കടന്നു കയറിയ സ്ഥലങ്ങളില്‍ തന്നെ തുടരുകയാണ്. ഫിംഗര്‍ നാലിനും ഫിംഗര്‍ എട്ടിനും ഇടയിലെ ഉയരമുള്ള തന്ത്രപ്രധാന ഇടങ്ങളില്‍ ചൈനീസ് സേന നിരനിരയായി ടെന്റുകള്‍ കെട്ടിയതിന്റെയും സൈനിക വാഹനങ്ങള്‍ വിന്യസിച്ചതിന്റെയും ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടാകത്തില്‍ ചൈനീസ് പട്രോളിംഗ് ബോട്ടുകളുടെ സാന്നിദ്ധ്യവും വ്യക്തമാണ്.

Related Articles

Back to top button