IndiaLatest

ത്രിവര്‍ണമണിഞ്ഞ് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം

“Manju”

കാന്‍ബെറ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ത്രിവര്‍ണത്താല്‍ സ്വാഗതമേകി ഓസ്‌ട്രേലിയ. ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ഓസ്ട്രേലിയയിലെത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. ഓസ്ട്രേലിയയിലെ പഴയ പാര്‍ലമെന്റ് ഹൗസിനെ ത്രിവര്‍ണ നിറങ്ങളാല്‍ മുഖരിതമാക്കിയാണ് അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്. കാന്‍ബെറ നല്‍കിയ വിശിഷ്ടമായ സ്വീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോംഗുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മേഖലയുടെ സുരക്ഷയ്‌ക്ക് വേണ്ടി ഇന്ത്യയ്‌ക്കും ഓസ്ട്രേലിയയ്ക്കും എപ്രകാരം ഒന്നിച്ച്‌ പ്രവര്‍ത്തിക്കാമെന്ന് ഇരുവരും ചര്‍ച്ച ചെയ്തു. വ്യാപാരം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളെക്കുറിച്ച്‌ ഇരുനേതാക്കളും സംസാരിച്ചു. നയതന്ത്ര ബന്ധം ഇരുരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതില്‍ പരസ്പര താല്‍പ്പര്യമുണ്ടെന്നും ജയശങ്കര്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

യുക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തെക്കുറിച്ചും തന്മൂലം ഇന്തോ-പസഫിക്കിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചര്‍ച്ചകള്‍ നടത്തി. ന്യൂസിലാന്‍ഡ് സന്ദര്‍ശനത്തിന് ശേഷമാണ് ജയശങ്കര്‍ കാന്‍ബറയും സിഡ്നിയും സന്ദര്‍ശിക്കാന്‍ എത്തിയത്. ഫെബ്രുവരി ഒന്നിന് മെല്‍ബണില്‍ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ഇക്കൊല്ലം ജയശങ്കര്‍ നടത്തുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ സന്ദര്‍ശനമാണിത്. ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാര്‍ലസ് എംപിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Related Articles

Back to top button