IndiaLatest

പോലീസ് സേന രാജ്യത്തിന്റെ വികസനത്തിലും പങ്കാളികള്‍

“Manju”

ന്യൂഡല്‍ഹി: പോലീസ് സ്മൃതി ദിനത്തില്‍ രാജ്യത്തെ പോലീസ് സേനയ്‌ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സല്യൂട്ട്. രാജ്യത്തിന്റെ വികസനത്തിലും പങ്കാളികളാണ് പോലീസ് സേനയെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തി അതിര്‍ത്തി കാത്ത് രാജ്യ പുരോഗതിക്ക് കൂടിയാണ് പോലീസ് സേന സാഹചര്യമൊരുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

പോലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച്‌ ജോലിക്കിടെ ജീവന്‍ ത്യജിച്ച പോലീസുകാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ ഡല്‍ഹിയിലെ നാഷണല്‍ പോലീസ് മെമ്മോറിയലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വലിയ പുരോഗതിയാണ് ഉണ്ടായത്. അത് കശ്മീരിലായാലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായാലും കമ്യൂണിസ്റ്റ് ഭീകരവാദം ശക്തമായ മേഖലകളിലായാലും വികസനത്തിന്റെ പുതിയ അദ്ധ്യായവും സമാധാനവുമാണ് കാണാനാകുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതിനായി പോലീസ് സേനാംഗങ്ങള്‍ വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുത്തിട്ടുളളതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ആഭ്യന്തര സുരക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് അനുസരിച്ച്‌ ചുവടുവെയ്‌ക്കുന്നത് പോലീസ് സേനയാണെന്നും അമിത് ഷാ പറഞ്ഞു. പോലീസ് സേനയുടെ ക്ഷേമം ലക്ഷ്യമിട്ടുളള നിരവധി നടപടികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ ജീവന്‍ ത്യജിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥമാണ് ഒക്ടോബര്‍ 21 ന് പോലീസ് സ്മൃതിദിനമായി ആചരിക്കുന്നത്. ഡല്‍ഹിയില്‍ സിആര്‍പിഎഫിന്റെ നേതൃത്വത്തിലും പോലീസ് സ്മൃതിമണ്ഡപത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button