IndiaKeralaLatest

കോവിഡ് മരുന്നുകളുടെ നികുതി കുറയ്ക്കും, ജിഎസ്ടിയില്‍ മാറ്റമില്ല

“Manju”

ന്യൂഡെല്‍ഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ഉള്‍പെടെയുള്ളവയുടെ നികുതി കുറയ്ക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. അതേസമയം വാക്സിന്റെ ജിഎസ്ടിയില്‍ മാറ്റംവരുത്തിയിട്ടില്ല. ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെര്‍സിന്‍ ബി-യെയും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്-നെയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

മരുന്ന്, ഓക്സിജന്‍, ഓക്സിജന്‍ നിര്‍മാണത്തിനുള്ള ഉപകരണം, പരിശോധന കിറ്റും മറ്റുള്ളവയും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഇളവ് നല്‍കിയിട്ടുള്ളത്. ഉത്പാദിപ്പിക്കുന്ന 75ശതമാനം വാക്സിനും ജിഎസ്ടി നല്‍കി കേന്ദ്ര സര്‍കാരായിരിക്കും വാങ്ങുക. വെന്റിലേറ്റര്‍, മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, കോവിഡ് പരിശോധന കിറ്റ്, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ്, ബൈപാപ്പ് മെഷീന്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമയി കുറച്ചു.
ആംബുലന്‍സ് സേവനത്തിനുള്ള നിരക്ക് 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് കുറച്ചത്. ഇലക്‌ട്രിക് ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്ക് അഞ്ചുശതമാനമാക്കി കുറച്ചു.

പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 30വരെയാകും ബാധകമാകുക. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് 44-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. മെയ് 28ന് ചേര്‍ന്ന യോഗത്തില്‍ കോവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ വസ്തുക്കള്‍ക്ക് നികുതിയിളവ് നല്‍കുന്നത് പരിഗണിക്കാന്‍ മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ കൂടി നിര്‍ദേശം കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്.

Related Articles

Back to top button