IndiaLatest

നാളെ ശബരിമല നടതുറക്കും

“Manju”

തിരുവനന്തപുരം : കോവിഡിനുശേഷം പൂര്‍ണതോതില്‍ ആരംഭിക്കുന്ന ശബരിമല തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. അവസാന ഒരുക്കവും പൂര്‍ത്തിയാക്കി ചൊവ്വയോടെ സന്നിധാനം തീര്‍ഥാടനത്തിന് പൂര്‍ണ സജ്ജമാകും. ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ഇത്തവണ തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു.

പ്രളയം തകര്‍ത്ത പമ്പയിലെയും തീര്‍ഥാടന വഴികളിലെയും തടസ്സങ്ങള്‍ പൂര്‍ണമായും നീക്കി. സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി. പമ്പയിലും നിലയ്ക്കലിലും ചൊവ്വയോടെ പൂര്‍ത്തിയാകും. മരക്കൂട്ടത്ത് സ്ഥിരം ടോയ്ലെറ്റ് ബ്ലോക്ക് നിര്‍മിച്ചു. വലിയ നടപ്പന്തല്‍ മിനുക്കി. അന്നദാന കൗണ്ടറുകള്‍ മോടിപിടിപ്പിച്ച്‌ കെട്ടിടങ്ങളുടെ പെയിന്റിങ്ങും കഴിഞ്ഞു. നീലിമല, അപ്പാച്ചിമേട്, ശരംകുത്തിവരെയുള്ള പരമ്ബരാഗത പാതയില്‍ കല്ലുപാകി. ഞുണങ്ങാറിനു കുറുകെയുള്ള പാലത്തിന്റെ പണിയും പൂര്‍ത്തിയാക്കി. രാമപൂര്‍ത്തി മണ്ഡപത്തില്‍ പന്തലും നിര്‍മിച്ചു. പമ്ബാതീരത്തെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കി.

പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ് (ഇഎംസി) സജ്ജീകരിക്കുന്നത്. പമ്ബ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കി. ശുചീകരണത്തിന് ഏകദേശം 1200 വിശുദ്ധി സേനാംഗങ്ങളെ കൂടാതെ ഇരുനൂറോളം പേരെ ഏര്‍പ്പെടുത്തി. കെഎസ്‌ആര്‍ടിസിയുടെ 500 ബസ് സര്‍വീസ് നടത്തും. പമ്പ നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.
സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെ ശബരിമലയില്‍ വിന്യസിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 134 സിസിടിവി കാമറ സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും.

നാളെ നടതുറക്കും
മണ്ഡല ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രം ബുധന്‍ വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരി ശ്രീകോവില്‍ നട തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളില്ല. നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്ബൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്ബൂതിരിയുടെയും അഭിഷേക അവരോധിക്കല്‍ ചടങ്ങും ബുധന്‍ വൈകിട്ട് നടക്കും.

പുറപ്പെടാശാന്തിമാരായ ഇവരാകും വ്യാഴം പുലര്‍ച്ചെ ഇരു ക്ഷേത്രനടകളും തുറക്കുക. നിലവിലെ മേല്‍ശാന്തി ബുധന്‍ രാത്രി പതിനെട്ടാം പടിയിറങ്ങും. 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ഥാടനം 20ന് അവസാനിക്കും.

കൂടുതല്‍ പ്രതിവാര ട്രെയിനുകള്‍ ; റിസര്‍വേഷന്‍ ആരംഭിച്ചു
ശബരിമല തീര്‍ഥാടനത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പ്രതിവാര ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ പ്രഖ്യാപിച്ചു. പ്രത്യേക നിരക്കായിരിക്കും ട്രെയിനുകളില്‍. 07119 നരസപുര്‍– കോട്ടയം 18നും 25നും രാവിലെ അഞ്ചിന് നരസപുരില്‍നിന്ന് പുറപ്പെടും. 07120 കോട്ടയം– നരസപുര്‍ 19നും 26നും രാവിലെ 9.30ന് കോട്ടയത്തുനിന്ന് പുറപ്പെടും. 07117 സെക്കന്തരാബാദ്– കൊല്ലം ജങ്ഷന്‍ എക്സ്പ്രസ് 20 മുതല്‍ ജനുവരി എട്ടുവരെയുള്ള ഞായറാഴ്ചകളിലും 07118 കൊല്ലം ജങ്ഷന്‍–സെക്കന്തരാബാദ് എക്സ്പ്രസ് ചൊവ്വാഴ്ചകളില്‍ ജനുവരി പത്തുവരെയും 07121 സെക്കന്തരാബാദ്–കൊല്ലം ജങ്ഷന്‍ ഞായറാഴ്ചകളില്‍ ജനുവരി 13 വരെയും 07122 കൊല്ലം ജങ്ഷന്‍– സെക്കന്തരാബാദ് എക്സ്പ്രസ് ചൊവ്വാഴ്ചകളില്‍ ജനുവരി 17 വരെയും 07123 സെക്കരാബാദ്–കൊല്ലം ജങ്ഷന്‍ എക്സ്പ്രസ് 21നും 28നും 07124 കൊല്ലം ജങ്ഷന്‍സെക്കന്തരാബാദ് 23നും 30നും സര്‍വീസ് നടത്തും. 07125 സെക്കന്തരാബാദ്–കോട്ടയം എക്സ്പ്രസ് 20നും 27നും 07126 കോട്ടയം– സെക്കന്തരാബാദ് എക്സ്പ്രസ് 21നും 28നും 07127 ഹൈദരാബാദ്– കൊല്ലം എക്സ്പ്രസ് 22നും 29നും 07128 കൊല്ലം ജങ്ഷന്‍–ഹൈദരാബാദ് എക്സ്പ്രസ് 16, 23, 30 തീയതികളിലും സര്‍വീസ് നടത്തും. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.

 

Related Articles

Back to top button