KeralaLatest

നിര്‍ധനര്‍ക്ക്‌ ഭൂമി പകുത്തുനല്‍കി 
ഹോട്ടല്‍ വ്യാപാരി

“Manju”

ചവറ : രാജന്‍പിള്ളയെന്ന മനുഷ്യസ്നേഹി പാവപ്പെട്ടവര്‍ക്ക്‌ ലൈഫ്‌ പദ്ധതിയില്‍ വീടുവയ്‌ക്കാന്‍ വീതിച്ചുനല്‍കിയത്‌ 30 സെന്റ്‌ കണ്ണായ ഭൂമി. 10 സെന്റ്‌ പഞ്ചായത്തിനും വായനശാലയ്‌ക്കുമായി നല്‍കി. ചവറ മേനാമ്ബള്ളി മണ്ണൂര്‍ പുത്തന്‍വീട്ടില്‍ എം രാജന്‍പിള്ള ഒരു കോടി രൂപ വിലമതിക്കുന്ന പുരയിടമാണ്‌ ദാനംചെയ്‌ത്‌ മനുഷ്യസ്‌നേഹത്തിന്റെ പുതിയ മാതൃകയായത്‌. അതോടെ പഞ്ചായത്തിലെ ഭൂരഹിതരായ 10 പാവപ്പെട്ട കുടുംബത്തിന്റെ സ്വന്തമായി ഭൂമിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമായി. കയര്‍ കച്ചവടവും ഹോട്ടല്‍ വ്യാപാരവും നടത്തുന്ന രാജന്‍പിള്ള ചവറ മണ്ണൂര്‍മുക്കിനു സമീപം റോഡിനോടു ചേര്‍ന്ന വസ്‌തുവില്‍ മൂന്ന് സെന്റ്‌ വീതം 10 കുടുംബങ്ങള്‍ക്കും 10 സെന്റ്‌ ഹോമിയോ ആശുപത്രി നിര്‍മിക്കാന്‍ ചവറ പഞ്ചായത്തിനും വായനശാലയ്ക്കുമായാണ് നല്‍കിയത്. അര്‍ഹരായവരെ നറുക്കിട്ടാണ്‌ തെരഞ്ഞെടുത്തത്.
‘സാമ്ബത്തിക സഹായം അഭ്യര്‍ഥിച്ച്‌ പാവപ്പെട്ട നിരവധിപേര്‍ വീട്ടില്‍ വരുമായിരുന്നു. അവര്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ എന്നും ഉപകാരപ്പെടുന്നത് ഭൂമി നല്‍കുന്നതാണെന്ന ചിന്തയാണ് പ്രേരണയായത്‌.’– രാജന്‍പിള്ള പറഞ്ഞു. ഭാര്യ പത്മജാ മണിയും മക്കളായ രതീഷ്, രഷ്മി, രഞ്ജിത്‌ എന്നിവരും പൂര്‍ണസമ്മതം പറഞ്ഞു.
ചവറ കൊട്ടുകാട് കനാലില്‍ പുത്തന്‍വീട്ടില്‍ റസിയാബീവി, മുകുന്ദപുരം പാല്‍കുളങ്ങര രാജേഷ്, തോട്ടിനുവടക്ക് സജിത വിലാസത്തില്‍ നിമിഷ, ഭരണിക്കാവ് ഉദയഗിരിയില്‍ ലീല, ചവറ പട്ടത്താനം റഹിയാനത്ത്, താന്നിമൂട് കളീലില്‍ വടക്കതില്‍ പൊന്നമ്മ, മേനാമ്ബള്ളി പുലിപ്പുറക്കാട്ടില്‍ അംബികയമ്മ, പുതുക്കാട് കടുക്കര വീട്ടില്‍ സുഹര്‍ബാന്‍, വട്ടത്തറ അങ്ങേവീട്ടില്‍ തെക്കതില്‍ ഉഷ, മേനാമ്ബള്ളി ശിവസുധിയില്‍ വത്സലയമ്മ എന്നിവര്‍ക്കാണ് ഭൂമി നല്‍കിയത്.
അര്‍ഹരായവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ്‌ ശ്രീകുമാര്‍ സ്മാരക മന്ദിരത്തില്‍ സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ രവീന്ദ്രനും ലോക്കല്‍ സെക്രട്ടറി എന്‍ വിക്രമക്കുറുപ്പും ചേര്‍ന്ന് നിര്‍വഹിച്ചു. പി സോമരാജന്‍പിള്ള, സക്കീര്‍ ചക്കാല കിഴക്കതില്‍, പന്മന മജീദ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തദ്ദേശ മന്ത്രി എം ബി രാജേഷ് കുടുംബങ്ങള്‍ക്ക് പ്രമാണം കൈമാറി. കലക്ടര്‍ അഫ്സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാം കെ ഡാനിയല്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button