KeralaLatest

അടച്ച്‌ പൂട്ടല്‍ ഭീഷണിയില്‍ ചെറു ടൗണുകളിലെ കടകള്‍

“Manju”

കല്ലമ്പലം: ചെറുകിട കച്ചവടത്തെ തകര്‍ക്കും വിധമുള്ള ഓണ്‍ലൈന്‍ വ്യാപാരം മൂലം ചെറുകിട വ്യപാര മേഖല അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞദിവസം മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള വ്യാപാരികളുടെ പ്രശ്നം കേള്‍ക്കാനും മറ്റു ചില പരിപാടികളില്‍ പങ്കെടുക്കാനും എത്തിയ എം.പി, സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബി.ജോഷി ബാസുവിന്റെ നേതൃത്വത്തിലാണ് വ്യാപാരികളുടെ പ്രശ്നം ചര്‍ച്ച ചെയ്തത്.
ഓണ്‍ലൈന്‍ വ്യാപാരം ശക്തമായതോടെ ലക്ഷത്തോളം തൊഴിലാളികളെ ഇത് ബാധിച്ചുവെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. മാറിയ കാലഘട്ടത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്കും ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് അവസരം ഉണ്ടെന്നും അതിനാല്‍ത്തന്നെ ഓണ്‍ലൈന്‍ വ്യാപാരം തടയാന്‍ കഴിയില്ലെന്നും എം.പി വ്യക്തമാക്കി. ഓണ്‍ലൈന്‍ രംഗത്ത് ചുവടുറപ്പിക്കാനുള്ള വ്യാപാരികളുടെ തീരുമാനത്തെ എം.പി സ്വാഗതം ചെയ്തു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികളുടെ നഷ്ടപരിഹാരത്തുക കൂട്ടണമെന്നും കല്ലമ്ബലം ജംഗ്ഷനില്‍ നിര്‍മ്മിക്കാന്‍ പോകുന്ന മേല്‍പ്പാലത്തിന്റെ അടിഭാഗം കെട്ടി അടയ്ക്കരുതെന്നുമുള്ള ആവശ്യം എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.ഈ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയാണ് എം.പി മടങ്ങിയത്.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയ വിവിധ നേതാക്കളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പങ്കെടുത്തു.

Related Articles

Back to top button