IndiaLatest

ഇന്നും ഒന്നരലക്ഷത്തിലേറെ പുതിയ കൊവിഡ് കേസുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്നും ഒന്നരലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 1,68,912 രോഗികളാണ് രാജ്യത്തുണ്ടായത്. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 904 പേര്‍ മരണമടഞ്ഞു. ചികിത്സയിലുള്ളവര്‍ 12 ലക്ഷം പിന്നിട്ടു.
ഒരാഴ്ചക്കിടെയുണ്ടായ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷവും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി. ചികിത്സ സൗകര്യങ്ങളുടെ അഭാവം കൊവിഡ് വ്യാപനം കൂട്ടുന്നുവെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്ര ,പഞ്ചാബ്, ഛത്തീസ്ഘട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സംഘം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. കൊവിഡ് ആശുപത്രിയില്ലാത്തതും, ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകളുടെ അഭാവവും ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതും തിരിച്ചടിയായെന്നും പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം നല്‍കി.
സുപ്രിം കോടതിയില്‍ അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറെന്‍സിലൂടെയാണ് കേസുകള്‍ കേള്‍ക്കുക. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു. ആശുപത്രികള്‍ നിറഞ്ഞാല്‍ ലോക്ക് ഡൗണ്‍ വേണ്ടി വന്നേക്കുമെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. വാക്‌സിന്‍ ക്ഷാമവും രാജ്യത്ത് രൂക്ഷമാണ്. വാക്‌സിന്‍ ക്ഷാമത്തിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്പീക്ക് അപ്പ് ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button