ഹൈദരാബാദ്: പ്രശസ്ത ഛായാഗ്രാഹകൻ വി ജയറാം (70) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. എൻടിആർ, നാഗേശ്വര റാവു, കൃഷ്ണ, ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ദേവാസുരം, 1921, ആവനാഴി, മൃഗയ തുടങ്ങിയ മലയാള സിനിമകളുടെ ഛായാഗ്രാഹകൻ ജയറാമായിരുന്നു. മലയാളത്തിൽ ഐ.വി ശശിക്കൊപ്പമാണ് കൂടുതൽ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. തെലുങ്കിൽ കെ രാഘവേന്ദ്ര റാവു സംവിധാനം നിർവ്വഹിച്ച പല പ്രശസ്ത ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ജയറാം ആയിരുന്നു. ഛായാഗ്രഹണത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.