KeralaLatest

ഹരിപ്പാട് പ്രാർത്ഥനാലയത്തിന് ഡിസംബർ ഏഴിന് തിരി തെളിയും

“Manju”

ആലപ്പുഴ (ഹരിപ്പാട്) ‍: ക്ഷേത്രനഗരിയെന്നും ഹരിഗീതപുരമെന്നും വിശേഷണമുളള നാട്ടില്‍ മതേതരത്വത്തിന്റെയും മാനവികതയുടേയും പ്രതീകമായി ശാന്തിഗിരിയുടെ പ്രാര്‍ത്ഥനാലയത്തിന് ഡിസംബര്‍ 7 ബുധനാഴ്ച തിരിതെളിയും. ഹരിപ്പാട് അകംകുടിയിലാണ് ജില്ലയിലെ മൂന്നാമത്തെ പ്രാര്‍ത്ഥനാകേന്ദ്രം നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുന്നത്. രാവിലെ ആറുമണിക്കു സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. 9 മണിയോടെ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ചേര്‍ന്ന് പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. തുടര്‍ന്ന് നടക്കുന്ന സൗഹൃദക്കൂട്ടായ്മയിലും സമ്മേളനങ്ങളിലും രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ സംബന്ധിക്കും. പ്രാര്‍ഥനാലയ സമര്‍ണത്തോടനുബന്ധിച്ച് നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആശ്രമത്തില്‍ തുടക്കംക്കുറിക്കും. ഉച്ചയ്ക്ക് അന്നദാനവും വിവിധ സമര്‍പ്പണങ്ങളും നടക്കും. വൈകുന്നേരം ആറിന് പ്രത്യേക ആരാധനയും ദീപപ്രദക്ഷിണവും ഉണ്ടാകും. രാത്രി വിവിധ കലാപരിപാടികള്‍ അരങ്ങേറും. നാടുകാരും ഗുരുഭക്തരും സമര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കും.

ഹരിപ്പാട് ടൗണിനോട് ചേര്‍ന്ന് ദേശീയപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രാര്‍ത്ഥനാലയം കേന്ദ്രാശ്രമത്തിലെ പ്രാര്‍ത്ഥനാലയത്തിന് സമാനമായിട്ടാണ്നിര്‍മ്മിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനാലയത്തിനു ചുറ്റുമുളള തൂണുകള്‍ മന്ദിരത്തിന്റെ ഭംഗിക്ക് മാറ്റുകൂടുന്നു. പ്രവേശനകവാടത്തിന്റെ ഇരുവശത്തും ഗജമുഖവും നടുവിലായി അഖണ്ഡമന്ത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ഉള്‍വശത്തുളള ബാലാലയത്തിന്റെ തൂണുകള്‍ തടിയില്‍ നിര്‍മ്മിച്ചതും വിവിധ ചിത്രപ്പണികളാല്‍ ചാരുതയാര്‍ന്നതുമാണ്. ബാലാലയത്തിനകത്തെ മണ്ഡപത്തില്‍ ശരകൂടത്തിനു കീഴെ പത്ത് പടികള്‍ക്ക് മുകളിലായാണ് പരബ്രഹ്മസങ്കല്‍പ്പത്തിലുളള താമരയില്‍ ഓങ്കാരം പ്രതിഷ്ഠ സ്ഥാപിക്കുന്നത്. പ്രതിഷ്ഠാകര്‍മ്മത്തിനു ശേഷം ഓരോ യാമങ്ങളിലും ആരാധന നടക്കും.

2007ല്‍ ഹരിപ്പാടുളള ‘പുത്തൻ പീടിക’ എന്ന കുടുംബം അരയേക്കര്‍ സ്ഥലം ആശ്രമത്തിന്സമര്‍പ്പിച്ചു. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു തീര്‍ത്ഥയാത്രാവേളകളില്‍ പലതവണ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി 9 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത പ്രാര്‍ത്ഥനാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. അന്നു മുതലാണ് സ്ഥിരമായി പ്രാര്‍ത്ഥന ആരംഭിച്ചത്. തുടര്‍ന്ന് എല്ലാ മാസവും പൗര്‍ണ്ണമി ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പുഷ്പസമര്‍പ്പണവും നടന്നു . കോവിഡ് കാലത്ത് ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും ആശ്രമം വേദിയായി. പ്രദേശത്തെ ഗുരുഭക്തരുടെ ഏറെക്കാലമായുളള ആഗ്രഹവും പ്രാര്‍ത്ഥനയും കൂടിയാണ് പ്രാര്‍ത്ഥനാകേന്ദ്രത്തിന്റെ സമര്‍പ്പണമെന്ന് ശാന്തിഗിരി ആശ്രമം ഹരിപ്പാട്‍ ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി മധുരനാദന്‍‍ ജ്ഞാന തപസ്വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ആലപ്പുഴ ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി. വേണുഗോപാല്‍, വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഡെപ്യൂട്ടി കൺവീനർ പി.സന്തോഷ് കുമാർ, കോര്‍ഡിനേഷന്‍ കമ്മിറ്റി കൺവീനർ സുരേഷ്കുമാർ .സി.കെ എന്നിവര്‍ പങ്കെടുത്തു.

ഹരിപ്പാട് പ്രാര്‍ത്ഥനാലയം സമര്‍പ്പണത്തിന്റെ വിളംബരം നടത്തുന്ന പ്രസ് മീറ്റില്‍ നിന്ന്

Related Articles

Back to top button