
കൊട്ടാരക്കര : ഇന്ന് ആളുകളെ വിലയിരുത്തുന്നത് വീടിന്റെ മതിലിന്റെ ഉയരം അനുസരിച്ചാണെന്നും, മനുഷ്യ മനസ്സുകളിൽ മതിലുകളുയരുമ്പോഴാണ് പരസ്പരമുള്ള സ്നേഹം നഷ്ടമാകുന്നതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാനതപസ്വി. കൊട്ടാരക്കര മാര്‍ത്തോമ എപ്പിസ്കോപ്പല്‍ ജൂബിലി മന്ദിരത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷസമ്മേളനത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു സ്വാമി.
മധ്യതിരുവിതാംകൂറിന്റെ മതസൗഹാർദ്ദത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനം പരസ്പരമുള്ള സ്നേഹമാണ്. സന്ന്യാസം ഒരു പ്രത്യേക മതത്തിന്റെ സ്വന്തമല്ല., ഭാരതീയ, പാശ്ചാത്യ പൗരസ്ത്യ സന്ന്യാസ ജീവിതങ്ങൾ ഇന്നത്തെ ഭാരതീയ സംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിട്ടുള്ളതായും സ്വാമി പറഞ്ഞു. റവ.ഡോ. ജോസഫ് മാർ ബർണാബസ് സഫർഗൺ മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്ന യോഗത്തിന് റവ.ഫാദർ ഷിബു സാമുവൽ സ്വാഗതം ആശംസിച്ചുു. പി.എം. തോമസ് കുട്ടി നന്ദി രേഖപ്പെടുത്തി. കൊട്ടാരക്കര മാർത്തോമ സിറിയൻ ചർച്ച് സ്വഗതഗാനവും സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷൻ, വാളകം സെൻറ് തോമസ് മാർത്തോമ സൻഡേ സ്കൂൾ, ജൂബിലി മന്ദിരം സ്റ്റാഫുകളും വോളണ്ടിയർമാരും, പത്തനാപുരം ഇമ്മാനുവൽ മാർത്തോമ ചർച്ച്, കൊട്ടാരക്കര മാർത്തോമ സിറിയൻ ചർച്ച് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അവതരിപ്പിച്ച ഗാനങ്ങൾ ക്രിസ്തുമസ് സന്ദേശ രാവിന് മിഴിവേകി. രാജു, ലൈസാമ്മ എന്നിവർ ബൈബിൾ പാരായണം നടത്തി.