രഹ്നയ്ക്ക് ഇനി മാധ്യമങ്ങളിലൂടെ അഭിപ്രായം പറയാം
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടെന്ന കേസിലാണ് പ്രതിയായ രഹ്ന ഫാത്തമയ്ക്കുള്ള വിലക്ക് സുപ്രീം കോടതി നീക്കിയത്. ജസ്റ്റീസ് റോഹിന്‍ടണ്‍ നരിമാന് അധ്യക്ഷനായ ബെഞ്ചാണ് വിലക്ക് സ്റ്റേ ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബിജെപി നേതാവ് രാധകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് രഹ്ന ഫാത്തിമയുടെ വാദം. അതേസമയം മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനുള്ള വിലക്ക് സ്റ്റേ ചെയ്തെങ്കിലും ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.
കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതു ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി. കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതു ഹൈക്കോടതി വിലക്കുകയായിരുന്നു.