IndiaLatest

ബജറ്റ് സമ്മേളനം: രണ്ടാം ഭാഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍

“Manju”

ഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്താന്‍ സാധ്യത. സഭ ചേരുന്ന മാര്‍ച്ചില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് സാധ്യതയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് മന്ദിരത്തിന്റെ പണികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്നും ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തിന്റെ പവര്‍ കോറിഡോറായ സെന്‍ട്രല്‍ വിസ്റ്റയുടെ പുനര്‍വികസനത്തിന്റെ ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. പാര്‍ലമെന്റ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, സമ്മേളനത്തിന്റെ രണ്ടാം ഭാഗം നിലവിലെ ഘടനയോട് ചേര്‍ന്ന് ഉയര്‍ന്നുവന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കാനാണ് സാധ്യത. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.

പരമ്പരാഗതമായി, ബജറ്റ് സെഷന്‍ രണ്ട് ഭാഗങ്ങളായാണ് നടക്കുന്നത് — ആദ്യ ഭാഗം സാധാരണയായി ജനുവരി 30 അല്ലെങ്കില്‍ 31 തീയതികളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കും, ഫെബ്രുവരി 1 നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗം സാധാരണയായി ഫെബ്രുവരി 8 അല്ലെങ്കില്‍ 9 ന് അവസാനിക്കും. സെഷന്റെ രണ്ടാം ഭാഗം സാധാരണയായി മാര്‍ച്ച്‌ രണ്ടാം വാരത്തില്‍ ആരംഭിച്ച്‌ മെയ് ആദ്യം വരെ തുടരും.

ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനുള്ള മഹത്തായ ഭരണഘടനാ ഹാള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയകള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം എന്നിവയും ഉണ്ടാകും.

Related Articles

Back to top button