Uncategorized

20 കോടി രൂപക്ക് അപൂര്‍വ്വ ഇനം നായയെ സ്വന്തമാക്കി ബെംഗളുരു സ്വദേശി

“Manju”

ബെംഗളുരു: അത്യപൂര്‍വ്വ ഇനത്തില്‍പ്പെട്ട നായയെ 20 കോടി രൂപയ്ക്ക് സ്വന്തമാക്കി ബെംഗളുരു സ്വദേശി. കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് 20 കോടി നല്‍കി സതീഷ് എന്ന ഡോഗ് ബ്രീഡര്‍ സ്വന്തമാക്കിയത്.
ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് സതീഷ്.
ഹൈദരാബാദിലെ ഒരു ഫാമില്‍ നിന്നാണ് സതീഷ് ഈ നായയെ വാങ്ങിയത്. കഡാബോം എന്ന പേരില്‍ കെന്നല്‍ ഹൗസ് നടത്തുന്നയാളാണ് സതീഷ്. അതുകൊണ്ടുതന്നെ കഡാബോം ഹൈദര്‍ എന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്. ഏകദേശം ഒന്നര വയസ്സ് പ്രായമുണ്ട് ഹൈദറിന്. തിരുവനന്തപുരം കെന്നല്‍ ക്ലബ് നടത്തിയ ഡോഗ് ഷോയിലും ഹൈദര്‍ പങ്കെടുത്തിട്ടുണ്ട്. മികച്ച നായയ്ക്കുള്ള മെഡല്‍ കരസ്ഥമാക്കിയ ഹൈദര്‍ ഡോഗ് ഷോയിലെ താരമയായിരുന്നു.
പൂര്‍ണ വളര്‍ച്ചയെത്തുമ്ബോള്‍ 100 കിലോയിലധികം ഭാരം വയ്ക്കുന്ന ഭീമന്‍ നായകളാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡുകള്‍. ‘വലിപ്പം കൂടിയ നായകളാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡുകള്‍. പെട്ടെന്ന് ഇണങ്ങിച്ചേരുകയും ചെയ്യും. നിലവില്‍ എന്റെ വീട്ടിലാണ് ഹൈദറിനെ പാര്‍പ്പിച്ചിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ സൗകര്യം ഇവയ്ക്ക് അത്യാവശ്യമാണ്’- സതീഷ് പറഞ്ഞു.
നായ ‘പെണ്‍ സിംഹം’ പോലെ വലുതാണെന്നാണ് സതീഷ് വിശേഷിപ്പിക്കുന്നത്. തലയ്ക്ക് ഏകദേശം 38 ഇഞ്ചും തോളുകള്‍ക്ക് 34 ഇഞ്ചും നീളമുണ്ട്. നായുടെ കാല്‍ രണ്ട് ലിറ്റര്‍ പെപ്‌സി കുപ്പിയോളം വലുതാണെന്നും അദ്ദേഹം പറഞ്ഞു. 23 മുതല്‍ 30 ഇഞ്ച് വരെയാണ് ഇവയുടെ ഉയരം. പത്ത് മുതല്‍ 12 വയസ്സ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് വിശ്വസ്തനായ ഒരു കാവല്‍ നായയാണ്. ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, തുര്‍ക്കി, റഷ്യ തുടങ്ങിയ കോക്കസസ് മേഖലയിലെ രാജ്യങ്ങളില്‍ കന്നുകാലി സംരക്ഷണത്തിന് ഇവയെ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
യജമാനനുവേണ്ടി ജീവന്‍ കളഞ്ഞും സംരക്ഷണം ഒരുക്കുന്ന നായയാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡുകള്‍. കുട്ടികളോട് വളരെ അടുപ്പമുള്ള ഇവ കുട്ടികളെ ആരെങ്കിലും ആക്രമിക്കുമെന്ന് തോന്നിയാല്‍ അവരെ കടിച്ചുകീറാനും മടിക്കില്ല. രോമക്കൂടുതല്‍ കാരണം നിരന്തര സംരക്ഷണം നല്‍കേണ്ടുന്ന നായക്ക് കൃത്യമായ വ്യായാമം ഉറപ്പാക്കിയില്ലെങ്കില്‍ രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്.
ഇതാദ്യമായല്ല ഇത്രയധികം വിലയുള്ള നായ്ക്കളെ സതീഷ് സ്വന്തമാക്കുന്നത്. 2016ല്‍ ഒരു കോടി രൂപ വില വരുന്ന കൊറിയന്‍ മാസ്റ്റിഫ് ഇനത്തെ സതീഷ് സ്വന്തമാക്കിയിരുന്നു. ഈ ഇനം നായകളെ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡാണ് അന്ന് സതീഷിനെത്തേടിയെത്തിയത്. ചൈനയില്‍ നിന്നാണ് ഇവയെ സതീഷ് വാങ്ങിയത്. ശേഷം റോള്‍സ് റോയിസ് കാറില്‍ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.

Related Articles

Back to top button