Uncategorized

വെണ്ണക്കൽ പ്രഭ തൂകി പ്രാർത്ഥനാലയം

“Manju”

പോത്തൻകോട് : ആത്മീയ ദർശനത്തിൽ വിരിഞ്ഞ ശാന്തിഗിരി ആശ്രമത്തിലെ വെണ്ണക്കൽ താമരയുടെ ഒരു വശത്ത് ശില്പചാതുരിയോടെ നിലകൊള്ളുന്ന പ്രാർത്ഥനാലയവും ഇനി വെണ്ണക്കൽ പ്രഭയിൽ തിളങ്ങും. പ്രാർത്ഥനാലയത്തിന്റെ ഉൾവശത്തും പ്രദക്ഷിണവീഥിയിലും മൈസൈക് തറയ്ക്കു മുകളിൽ വെണ്ണക്കൽ പാകിയതോടെ സ്പിരിച്വൽ സോണിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂടി. ശാന്തിഗിരിയുടെ ആത്മീയ നഭസ്സിനെ ധന്യമാക്കി പരിലസിക്കുന്ന താമരപ്പർണ്ണശാലയിൽ ഉപയോഗിച്ച രാജസ്ഥാനിൽ നിന്നുളള മക്രാന മാർബിൾ തന്നെയാണ് ഇപ്പോൾ പ്രാർത്ഥനാലയത്തിലും പാകിയിട്ടുളളത്. ദൈവത്തിൽ നിന്നുളള അറിയിപ്പനുസരിച്ച് ആശ്രമത്തിന്റെ സ്പിരിച്വൽ സോണിൽ നിർമ്മിക്കപ്പെട്ട ആദ്യ സൗധമാണ് ശാന്തിഗിരിയിലെ പ്രാർത്ഥനാലയം. 1986 ഒക്ടോബർ 20 ന് ആശ്രമ സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു ഈ മന്ദിരത്തിന് ശിലയിട്ടു. 27 നക്ഷത്രം 12 രാശി 9 ഗ്രഹം എന്ന നിയതിചക്രം പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുന്ന ആശയത്തെ മുൻനിർത്തി പണി തീർത്ത ആരാധനാലയത്തിൽ 1989 ജനുവരി 30 ന് ശരകൂടം സ്ഥാപിക്കപ്പെട്ടു. 1989 ഫെബ്രുവരി 10 ന് ഗുരു പ്രതിഷ്ഠാകർമ്മം നിർവഹിച്ചു. പത്തുപടികൾക്ക് മുകളിലായി 2444 ഇതളുകളൂളള സ്വർണ്ണത്താമര, താമരയുടെ ഹൃദയഭാഗത്ത് വിളങ്ങുന്ന ഓങ്കാരം . ഓങ്കാരത്തിൽ നിന്നും ചുറ്റിലേക്ക് ഒളിചിതറൂന്ന പ്രകാശവീചികൾ . ഇതാണ് പ്രാർത്ഥനാലയത്തിലെ പ്രതിഷ്ഠ. പ്രാർത്ഥനാലയത്തിൽ വലം വെച്ചു പ്രാർത്ഥിക്കുന്നത് വിശ്വാസികളിൽ പ്രത്യേക ആത്മീയ അനുഭൂതി ഉളവാക്കുന്നു. പൂജിതപീഠം സമർപ്പണാഘോഷത്തിന്റെ വേളയിൽ മാർബിൾ പാകി നവീകരിച്ച പ്രാർത്ഥനാലയത്തിന്റെ പ്രദക്ഷിണവീഥിയിലൂടെ ഇനി ഗുരുഭക്തർക്ക് വലം വെച്ച് പ്രാർത്ഥിക്കാം. ശുഭ്രവസ്ത്രധാരികളായ ഭക്തരുടെ പദചലനവും അഖണ്ഡമന്ത്രജപവും ചന്ദനത്തിരികളുടെ സുഗന്ധവും പേറുന്ന ശാന്തിഗിരിയുടെ ആത്മീയാന്തരീക്ഷത്തിന് നിറവ് പകരുന്ന മനോഹാരിതയുടെ മറ്റൊരു തലമായി പ്രാർത്ഥനാലയവും മാറിക്കഴിഞ്ഞു.

Related Articles

Back to top button