KeralaLatest

സേവനതല്പരതയുടെ പര്യായമായി മെഡിക്കൽ കോളജ് സ്റ്റോർസ് വിഭാഗം.

“Manju”

സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചാലക ശക്തിയായി മെഡിക്കൽ കോളേജ് സ്റ്റോർസ് വിഭാഗം. കഴിഞ്ഞ മൂന്നു മാസക്കാലമായി എണ്ണയിട്ട യന്ത്രം പോലെ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് ഇവിടത്തെ ജീവനക്കാർ. രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെ സംഭാവനയ്ക്കു പുറമേ കോവിഡ് വാർഡുകളിലേയ്ക്കു വേണ്ട സുരക്ഷാ സാമഗ്രികളും മരുന്നുകളും ഉൾപ്പെടെ രണ്ടരക്കോടിയിലേറെ രൂപയുടെ സാധനങ്ങളാണ് ഇവർ ഇതുവരെ ഒരു പരാതിയ്ക്കുമിട നൽകാതെ കൃത്യ സമയത്തു തന്നെ എത്തിച്ചു നൽകിയത്.

34 ഫാർമസിസ്റ്റുമാരാണ്
അനുവദിച്ചിട്ടുള്ള അവധിപോലും ഉപേക്ഷിച്ച് കഴിഞ്ഞ മൂന്നുമാസക്കാലമായി ഇവിടെ പ്രവർത്തിക്കുന്നത്. പി പി ഇ കിറ്റുകൾ, എൻ 95 മാസ്കുകൾ, ഹാന്റ് സാനിറ്റൈസറുകൾ, മരുന്നുകൾ എന്നിവയാണ് കാലതാമസം കൂടാതെ ഇവർ എത്തിച്ചുകൊണ്ടിരിക്കുന്ന പ്രധാന സാമഗ്രികൾ. സ്റ്റോർസ് വിഭാഗം നോഡൽ ഓഫീസർ കൂടിയായ എ ആർ എം ഒ ഡോ ഷിജു മജീദിന്റെ നേതൃത്വത്തിൽ സ്റ്റോർ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന എൻ സജീവ്, സ്റ്റോർ കീപ്പർ ജ്യോതിലഷ്മി, സീനിയർ ഫാർമസിസ്റ്റുമാരായ സാജിദ്, ജയചന്ദ്രൻ, കവിത, മഹേഷ്, രാജേഷ്, രജീഷ് എന്നിവരുടെ ഏകോപനമാണ് സ്തുത്യർഹമായ സേവനത്തിന്റെ ആണിക്കല്ലായി പ്രവർത്തിക്കുന്നത്. പുറ്റിങ്ങൽ വെടിക്കെട്ടപകടം, പ്രളയം, നിപ കാലയളവിൽ സ്റ്റോർസ് വിഭാഗത്തെ നയിച്ച് കഴിവു തെളിയിച്ച ശേഷം വിരമിച്ച ജീവനക്കാരായ സെൻല കുമാരി, ബേബി മുരുകൻ എന്നിവരും സഹായഹസ്തവുമായി ഈ സംഘത്തോടൊപ്പമുണ്ട്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് എന്നിവർ സ്റ്റോർസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ദൈനം ദിനം വിലയിരുത്തുന്നുമുണ്ട്. കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറും പുലർത്തുന്ന ജാഗ്രത ആവശ്യാനുസരണം സുരക്ഷാ സാമഗ്രികളും മരുന്നുകളും മറ്റും ക്ഷാമമില്ലാതെ സ്റ്റോർസ് വിഭാഗത്തിലെത്താൻ അവസരമൊരുക്കുന്നു.
കേരളാ മെഡിക്കൽ സർവീസ് കോർപറേഷനിൽ നിന്നും മരുന്നുകളും സുരക്ഷാ സാമഗ്രികളുമെത്തുന്നതു മുതൽ അവയുടെ സംഭരണം, വിതരണം വരെയുള്ള പ്രവർത്തനങ്ങൾ സുതാര്യമായും സമയബന്ധിതമായും നടപ്പാക്കുന്നുവെന്നതാണ് സ്റ്റോർ വിഭാഗത്തിന്റെ പ്രധാന വിജയം. ജീവനക്കാരുടെ ആറംഗ സംഘം കണക്കുകളും നാലു പേർ സംഭരണവും വിതരണവും കൈകാര്യം ചെയ്യുന്നു.

Related Articles

Back to top button