KeralaLatestThrissur

സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു

“Manju”

തൃശ്ശൂര്‍ : സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. തൃശ്ശൂരില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. എഴുത്തുകാരനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഈസ്റ്റ്മാന്‍ എന്ന സ്റ്റുഡിയോയില്‍ നിന്നുമാണ് അദ്ദേഹം ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മലയാളത്തില്‍ ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘ഇണയെത്തേടി’യാണ് ആദ്യ ചിത്രം. സില്‍ക്ക് സ്മിത, സംഗീത സംവിധായകന്‍ ജോണ്‍സന്‍ തുടങ്ങിയവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ആന്റണി ഈസ്റ്റ്മാന്‍ ആണ്.

വയല്‍, അമ്ബട ഞാനേ, വര്‍ണ്ണത്തേര്, ഐസ്ക്രീം, മൃദുല തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ഇതില്‍ ‘അമ്ബട ഞാനേ’ ഹിറ്റ് ചിത്രമായിരുന്നു. ‘ഈ തണലില്‍ ഇത്തിരി നേരം’, ‘തസ്‌കരവീരന്‍’ തുടങ്ങിയ സിനിമകളും രചിച്ചു. പാര്‍വ്വതീപരിണയം എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
ആന്റണി ഈസ്റ്റ്മാന് ആദരമര്‍പ്പിച്ച്‌ നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍ കുറിച്ച വാക്കുകള്‍. “മലയാള ചലച്ചിത വേദിയിലെ നിശ്ചല ഛായാഗ്രാഹകനും നിര്‍മ്മാതാവും സംവിധായകനുമായ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്,സില്‍ക്ക് സ്മിതയെ മലയാള ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നതിന്റെ ബഹുമതി ആന്റണി ചേട്ടന് ഉള്ളതാണ്. ആദരാജ്ഞലികള്‍.”

സില്‍ക്ക് സ്മിതയെ അവരുടെ ‘അമ്മ’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ സ്ത്രീ വിലക്കുവാങ്ങിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആന്റണി ഈസ്റ്റ്മാന്‍ നടത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സില്‍ക്ക് സ്മിതയെ അവസാനം കണ്ട നിമിഷവും ആ കൂടിക്കാഴ്ചയില്‍ സ്മിതയുടെ പ്രതികരണവും അദ്ദേഹം വിവരിച്ചിരുന്നു.

“അവസാനം അവളെ കാണുന്നത് 1995ല്‍ മദ്രാസില്‍ വച്ചാണ്. അന്ന് ഞാന്‍ അവളെ കുറേ ഉപദേശിച്ചു. ആര്‍ഭാടമൊന്നുമില്ലെങ്കിലും സ്വന്തമായി വീടും ബാങ്ക് ബാലന്‍സും വേണമെന്നു പറഞ്ഞു. പൈസ മുഴുവന്‍ ഡോക്ടര്‍ എന്നു പറയുന്ന ഒരാള്‍ ബിസിനസില്‍ ഇറക്കിയിരിക്കുകയാണെന്നു പറഞ്ഞു. ഈ സൗന്ദര്യവും സിനിമയും ഒന്നും എല്ലാക്കാലവും ഉണ്ടാകില്ലെന്നും അന്ന് മറ്റാരും കൂടെയുണ്ടാവില്ലെന്നും ഞാന്‍ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. അന്ന് അവള്‍ കുറേ കരഞ്ഞു. അന്നാണ് ഞങ്ങള്‍ തമ്മില്‍ അവസാനമായി കണ്ടത്.

സ്മിതയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി യഥാര്‍‌ഥത്തില്‍ ഇവരുടെ അമ്മ അല്ലായിരുന്നു എന്നും ആന്റണി പറയുന്നു. അക്കാര്യം ഞാന്‍ അവരോട് തന്നെ ചോദിച്ചിട്ടുണ്ട്. ‘ഒരു വയസ്സുള്ളപ്പോള്‍ സ്മിതയെ താന്‍ വിലക്ക് വാങ്ങിയതാണ്” എന്നാണ് അവര്‍ പറഞ്ഞത്. എന്തിനാണ് വാങ്ങിയതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല’,” ഈസ്റ്റ്മാന്‍ പറഞ്ഞു.

Related Articles

Back to top button