KeralaLatest

കുഞ്ഞുമായി കുടുംബം ഫിനാന്‍സ്‌ ഉടമയുടെ വീട്ടുമുറ്റത്ത്‌

“Manju”

ചാരുംമൂട്‌: വീട്‌ ജപ്‌തി ചെയ്‌തതിനെ തുടര്‍ന്ന്‌ പിഞ്ചുകുഞ്ഞുമായി കുടുംബം സ്വകാര്യ ഫിനാന്‍സ്‌ ഉടമയുടെ വീട്ടുമുറ്റത്ത്‌ കുത്തിയിരിപ്പ്‌ സമരം നടത്തി. മുന്നറിയിപ്പില്ലാതെ ജപ്‌തി നടത്തി ഇറക്കിവിടുകയായിരുന്നെന്നാണ്‌ താമസക്കാരുടെ പരാതി. നൂറനാട്‌ മാമൂട്‌ കോണത്തു പടീറ്റതില്‍ ശാലിനി, ഭര്‍ത്താവ്‌ സനല്‍കുമാര്‍, മകള്‍ അനന്യ എന്നിവരടങ്ങുന്ന കുടുബമാണ്‌ ചുനക്കര നടുവില്‍ രാഗം ഫിനാന്‍സ്‌ ഉടമയുടെ വീട്ടുമുറ്റത്ത്‌ ഇന്നലെ വൈകിട്ട്‌ കുത്തിയിരിപ്പ്‌ നടത്തിയത്‌. കുടുംബം താമസിച്ചു വരുന്ന ഭൂമി കാണിച്ച്‌ ഫിനാന്‍സില്‍ നിന്നും പണം എടുത്തിരുന്നു. കുടുംബവകയായുള്ള 10 സെന്റ്‌ ഇപ്പോള്‍ വിദേശത്തുള്ള മാതൃസഹോദരി അനിതയുടെ പേരിലാണ്‌. ശാലിനി ജനിച്ചു വളര്‍ന്നത്‌ ഈ വീട്ടിലാണ്‌. വിവാഹശേഷവും ഇവര്‍ ഇവിടെ താമസിച്ചു വരികയാണ്‌. 75,000 രൂപയായിരുന്നു അനിത ഭൂമി പണയം വച്ച്‌ വാങ്ങിയത്‌. പണം എടുക്കാന്‍ ഇടനില നിന്ന സ്‌ത്രീ രണ്ടു ലക്ഷം രൂപ അധികം വാങ്ങിയതായും ഈ വിവരം സ്‌ഥാപന ഉടമ മറച്ചു വച്ചതായും ശാലിനി പറഞ്ഞു. സ്‌ഥാപന ഉടമ കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ ഇന്നലെ രാവിലെയാണ്‌ ജപ്‌തിക്കെത്തിയത്‌. സ്‌ഥാപന ഉടമ അടുത്തിടെ മരിച്ചതിനാല്‍ അധികൃതര്‍ക്കൊപ്പം എത്തിയത്‌ മകനായിരുന്നു. ഇയാളോട്‌ താല്‍ക്കാലിക സൗകര്യം ഉണ്ടാക്കും വരെ ഇവിടെ താമസിക്കാന്‍ അനുവദിക്കണമെന്ന തന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം കേട്ടില്ലെന്ന്‌ ശാലിനി പറഞ്ഞു.
ഇതോടെയാണ്‌ ഫിനാന്‍സ്‌ ഉടമയുടെ വീട്ടുമുറ്റത്ത്‌ പിഞ്ചുകുഞ്ഞുമായി കുടുംബം കുത്തിയിരുന്നത്‌. താമസ സൗകര്യം ലഭിച്ചില്ലെങ്കില്‍ ആത്‌മഹത്യയെ മാര്‍ഗമുള്ളെന്നും ശാലിനി പറഞ്ഞു. രാത്രി ഏഴു മണിയോടെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥാപന ഉടമയുടെ മക്കളോട്‌ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനമുണ്ടായില്ല. തുടര്‍ന്ന്‌ ശാലിനിയും കുടുംബവും ജപ്‌തി നടത്തി പൂട്ടിയിട്ടിരിക്കുന്ന വീട്ടിലേക്ക്‌ മടങ്ങി.

Related Articles

Back to top button