Uncategorized

ചിന്തന്‍ ശിവിര്‍; ഫെബ്രുവരി 26ന് ആരംഭിക്കും

“Manju”

ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തെ സമ്മേളനത്തിന് കേന്ദ്ര ആയൂഷ് മന്ത്രാലയം ഒരുങ്ങുന്നു. ആരോഗ്യരംഗത്തെ ഡിജിറ്റലൈസേഷന്‍ ത്വരിതപ്പെടുത്താനുള്ള പദ്ധതികളെപ്പറ്റിയും കോണ്‍ഫറന്‍സില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. അസമിലെ ഗുവാഹത്തിയിലാണ് സമ്മേളനം സംഘടിപ്പിക്കുക. ചിന്തന്‍ ശിവിര്‍ എന്ന ഈ ദ്വിദിന സമ്മേളനം ഫെബ്രുവരി 26ന് ആരംഭിക്കും.

ആയൂഷ് മേഖലയൂടെ വികസനത്തിന് വേണ്ട പദ്ധതികളെപ്പറ്റിയും നയങ്ങളെപ്പറ്റിയും സമ്മേളനത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിങ്ങനെ ഇന്ത്യയിലെ പരമ്പരാഗത ചികിത്സാരീതികള്‍ ഉള്‍പ്പെടുന്നതാണ് ആയൂഷ്. അതേസമയം സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് അധികൃതര്‍. പ്രധാന അതിഥികളെപ്പറ്റിയുള്ള വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പരിപാടിയ്ക്ക് അധ്യക്ഷ്യത വഹിക്കും.

രാജേഷ് ഭൂഷണ്‍ (ആരോഗ്യ സെക്രട്ടറി), റോലി സിംഗ് (നാഷണല്‍ ഹെല്‍ത്ത് മിഷന്‍, മിഷന്‍ ഡയറക്ടര്‍), വികെ പോള്‍ (നീതി ആയോഗ് അംഗം), ഡോ. ഭൂഷണ്‍ പട്വര്‍ധന്‍ (റിസര്‍ച്ച്‌ ഹെഡ്, ആയൂഷ് മന്ത്രാലയം), ഡോ. ജി.എന്‍ സിംഗ് (ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്) എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ഡിജിറ്റല്‍ ഹെല്‍ത്തും ആയുഷ് മേഖലയിലെ ടെക്‌നോളജിയുടെ ഉപയോഗവും എന്ന വിഷയമാണ് സമ്മേളത്തിന്റെ ആദ്യ ദിനം ആദ്യം ചര്‍ച്ച ചെയ്യുക. പിന്നീട് ആയുഷ് മേഖലയിലെ ഗവേഷണവും ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെപ്പറ്റിയും ചര്‍ച്ച സംഘടിപ്പിക്കും. പരമ്പരാഗത ചികിത്സാരീതികളെ ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന തരത്തില്‍ തരംതാഴ്ത്തുന്ന രീതിയെപ്പറ്റിയും പരിപാടിയില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആയുഷ് ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച്‌ വരുന്നത്. കോവിഡ് വ്യാപന സമയത്ത് ഇത്തരം ചികിത്സാരീതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Related Articles

Back to top button