Uncategorized

ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി

“Manju”

പ്രകൃതിയോട് ഇണങ്ങിയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും രംഗത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിലവിലുള്ള റിഫൈനറികളോട് ചേര്‍ന്ന് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ഓയിലിന്റെ പാനിപ്പത്ത് റിഫൈനറിയില്‍ 2025- ഓടെ 2,000 കോടി രൂപ ചെലവില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതാണ്. ഏകദേശം 7,000 ടണ്‍ വാര്‍ഷിക ശേഷിയാണ് പ്ലാന്റിന് കണക്കാക്കുന്നത്. കൂടാതെ, അടുത്ത പത്ത് വര്‍ഷത്തിനകം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മൊത്തം ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന്റെ 50 ശതമാനം ഗ്രീന്‍ ഹൈഡ്രജന്‍ ആക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്.

പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വേറിട്ട പ്രവര്‍ത്തനവുമായി എത്തുന്നത്. 2046- ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും അവസാനിപ്പിക്കുക എന്ന പദ്ധതിയില്‍ ഊന്നിയാണ് പ്രവര്‍ത്തനം. ഭാവിയുടെ ഇന്ധനമെന്ന് ഹൈഡ്രജന്‍ അറിയപ്പെടാറുണ്ടെങ്കിലും, നിര്‍മ്മാണ ചെലവിനെ തുടര്‍ന്നാണ് ഭൂരിഭാഗം കമ്പനികളും ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നത്.

ചെലവ് കൂടുതലായതിനാല്‍ ഹൈഡ്രജന്‍ വന്‍ തോതില്‍ ഉപയോഗിക്കാന്‍ വാഹന, വ്യവസായ മേഖലകള്‍ക്ക് കഴിയുന്നില്ല. നിലവില്‍, ക്രൂഡോയില്‍ പെട്രോളും ഡീസലുമാക്കി വേര്‍തിരിക്കുന്ന റിഫൈനറികള്‍ ഡീസലിലെ സള്‍ഫര്‍ അംശം കുറയ്ക്കാന്‍ ഹൈഡ്രജന്‍ ഉപയോഗിക്കുന്നുണ്ട്.

Related Articles

Back to top button