Uncategorized

ബോളിവുഡ് നടന്‍ സതീഷ് കൗശിക് അന്തരിച്ചു

“Manju”

 

മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്(67) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സതീഷ് കൗശികിന്റെ അടുത്ത സുഹൃത്തായ അനുപം ഖേറാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. മരണം പരമമായ സത്യമാണെന്ന് എനിക്കറിയാം. പക്ഷേ എന്നെങ്കിലും ഉറ്റസുഹൃത്തിനെ കുറിച്ച്‌ ഞാനിതെഴുതുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 45 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുള്‍ സ്റ്റോപ്പ്. നീയില്ലാതെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നും അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.

കങ്കണ റണാവത്തും സതീഷ് കൗശികിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭയാനകമായ വാര്‍ത്ത കേട്ടാണ് ഇന്ന് ഉണര്‍ന്നത്. എന്റെ ഏറ്റവും വലിയ ചിയര്‍ ലീഡറായിരുന്നു അദ്ദേഹം. കരിയറില്‍ വിജയിച്ച നടനും സംവിധായകനുമായ കൗശിക് ജി വളരെ ദയയും ആത്മാര്‍ഥതയുമുള്ള വ്യക്തിയായിരുന്നു. എമര്‍ജന്‍സി സിനിമയില്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നും കങ്കണ റണാവത്ത് പറഞ്ഞു.

1956 ഏപ്രില്‍ 13ന് ഹരിയാനയിലാണ് സതീഷ് കൗശിക് ജനിച്ചത്. നാടകത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. 1987ലെ സൂപ്പര്‍ഹീറോ ചിത്രമായ മിസ്‌റ്റര്‍ ഇന്ത്യയിലെ കലണ്ടറായും ദീവാന മസ്‌താനയിലെ (1997) പപ്പു പേജറായും സാറ സംവിധാനം ചെയ്‌ത ബ്രിട്ടീഷ് ചിത്രമായ ബ്രിക്ക് ലെയ്‌നിലെ (2007) ചാനു അഹമ്മദായും എത്തി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

1990ല്‍ രാം ലഖന്‍, 1997ല്‍ സാജന്‍ ചലെ സസുരാല്‍ എന്നീ ചിത്രങ്ങളിലൂടെ സതീഷ് കൗശിക്ക് മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും നേടി.

 

Related Articles

Back to top button