KeralaLatest

ഗുരുസ്ഥാനീയ പ്രതിഷ്ഠാപൂര്‍ത്തീകരണം നടത്തി; ശാന്തിഗിരി ആശ്രമം ഭക്തിനിര്‍ഭരം

“Manju”
സുല്‍ത്താന്‍ ബത്തേരി ആശ്രമം പ്രാര്‍ത്ഥനാലയം ഗുരുസ്ഥാനീയ പ്രതിഷ്ഠാപൂര്‍ത്തീകരണം നടത്തി തിരിതെളിയ്ക്കുന്നു.

സുല്‍ത്താന്‍ ബത്തേരി: അഖണ്ഡമന്ത്രാക്ഷരമുഖരിതമായ നമ്പ്യാര്‍കുന്നിലെ ശാന്തിഗിരി ആശ്രമത്തില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി പ്രതിഷ്ഠാപൂര്‍ത്തീകരണം നടത്തി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും സന്യാസി സന്യാസിനിമാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പാരമ്പര്യവാദ്യ താളഘോഷലയത്തില്‍ ഞെരളത്ത് ഹരിഗോവിന്ദന്റെ ഇടയ്ക്കാവാദനത്തിന്റെ അകമ്പടിയോടെ ശിഷ്യപൂജിത പ്രാര്‍ത്ഥനാലയത്തില്‍ തിരിതെളിച്ചപ്പോള്‍ വ്രതശുദ്ധിയോടെ മനസും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ കണ്ഠങ്ങളില്‍ നിന്നും ഗുരുമന്ത്രങ്ങള്‍ അനസ്യൂതം ഒഴുകി.

നമ്പ്യാര്‍കുന്നിലെ പ്രാര്‍ത്ഥനാലയം കേന്ദ്രാശ്രമത്തിലേതിനു സമാനമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനാലയത്തിലെ മണ്ഡപത്തില്‍ ശരകൂടത്തിനു കീഴെ പത്ത് പടികള്‍ക്ക് മുകളിലായാണ് പരബ്രഹ്മസങ്കല്‍പ്പത്തിലുളള താമരയില്‍ ഓങ്കാരം പ്രതിഷ്ഠിച്ചത്. തൊട്ടടുത്ത പര്‍ണ്ണശാലയിലെ താമരപീഠത്തില്‍ ഗുരുവിന്റെ ചിത്രവും സ്ഥാപിച്ചു.

ചടങ്ങുകള്‍ക്ക് ശേഷം ഗുരുസ്ഥാനീയ ഭക്തരെ അഭിസംബോധന ചെയ്തു. നാടിന്റെ മക്കള്‍ക്ക് വേണ്ടിയുളള പ്രാര്‍ത്ഥനയാണ് പ്രതിഷ്ഠാപൂര്‍ത്തീകരണമെന്നും ഈ പ്രദേശത്ത് ഗുരുവിന്റെ നന്മയും പ്രകാശവും അനവരതം ഒഴുകുമെന്നും ശിഷ്യപൂജിത പറഞ്ഞു. തുടര്‍ന്ന് തുടിത്താളം ഗോത്രകലാസംഘത്തിന്റെ കലാപരിപാടികളും മതാതീത സാംസ്‌ക്കാരികസമ്മേളനവും അന്നദാനവും നടന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തരുടേയും നാട്ടുകാരുടേയും ഒഴുക്കാണ് ആശ്രമത്തില്‍ കണ്ടത്.

പ്രതിഷ്ഠാചടങ്ങുകള്‍ക്കായി ഗുരുസ്ഥാനീയ ശിഷ്യപൂജിതയെത്തിയതോടെ ചൊവ്വാഴ്ച മുതല്‍
ആശ്രമം നിലകൊളളുന്ന ആര്‍ത്തവയല്‍ പ്രദേശം ഭക്തി നിര്‍ഭരമായി. രാത്രി എട്ടിന് ബ്രാഞ്ച് ആശ്രമം ചുമതലയുളള ജനനി അഭേദ ജ്ഞാന തപസ്വിനിയും ‍ സന്യാസി സന്യാസിനിമാരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കിയാണ് ശിഷ്യപൂജിതയെ വരവേറ്റത്. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉള്‍പ്പടെയുളള ജനപ്രതിനിധികളും നാട്ടുകാരും വരവേല്‍പ്പില്‍ പങ്കാളികളായി.

Related Articles

Back to top button