KeralaLatest

എല്ലാ മനുഷ്യനെയും സഹോദരനായി കണ്ട് സ്നേഹിക്കണമെന്ന ഗുരു സന്ദേശം ഉയർത്തിപ്പിടിക്കേണ്ട കാലം: മന്ത്രി എ.കെ. ശശീന്ദ്രൻ

“Manju”
വിശ്വജ്ഞാനമന്ദിരം തിരിതെളിയിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് നടന്ന ആദരവ് സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എം.കെ.രാഘവന്‍. എം . പി, പി.ടി.എ. റഹിം എം.എല്‍.എ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി ഗുരുസവിധ്, കെ.ആര്‍.എസ്. നായര്‍ തൂടങ്ങിയവര്‍ സമീപം

കോഴിക്കോട്: എല്ലാ മനുഷ്യനെയും സഹോദരനായി കണ്ട് സ്നേഹിക്കണമെന്ന നവജ്യോതിശ്രീ കരുണാകരഗുരുവിൻ്റെ സന്ദേശം ഉയർത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരത്തിന്റെ തിരിതെളിയിക്കലിനോടനുബന്ധിച്ച് നടന്ന ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുരു നൽകിയ സന്ദേശവും ഉയർത്തി പിടിച്ച മൂല്യങ്ങളും പ്രാവർത്തികമാക്കാനായാൽ വർത്തമാനകാലത്ത് സാഹോദര്യത്തിന് നേരെ നടക്കുന്ന എല്ലാ കടന്നുകയറ്റങ്ങളും ഇല്ലാതാക്കാനാകും.

സേവനത്തിലും സമർപ്പണ ബോധത്തിലുമുളള കാരുണ്യ പ്രവർത്തനത്തിലൂടെയാണ് മാനവരാശിയെ സമീപിക്കേണ്ടതെന്ന ഗുരുവിൻ്റെ ആത്മീയ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. മാനവസ്നേഹം ഉയർത്തി പിടിക്കാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വളരെ മുൻപ് തന്നെ പറഞ്ഞ അപൂർവ്വസൂരിയായിരുന്നു നവജ്യോതിശ്രീ കരുണാകരഗുരു. കക്കോടിയില്‍ സ്ഥാപിതമായ വിശ്വജ്ഞാനമന്ദിരം ലോട്ടസ് ടെമ്പിളിനേക്കാൾ ഏറ്റവും മനോഹരവും ശിൽപ്പ ചാരുതാ സമ്പന്നവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മനുഷ്യൻ്റെ മഹത്വം ഉയർത്തി പിടിക്കുന്ന കേന്ദ്രമായി വിശ്വജ്ഞാനമന്ദിരം മാറുമെന്ന് മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് പറഞ്ഞു. നവജ്യോതിശ്രീ കരുണാകരഗുരുവിൻ്റെ ഓർമ്മ സ്നേഹത്തിൻ്റെയും നന്മയുടെയും വഴിയിൽ നടക്കാൻ നിരവധി പേരെ പ്രാപ്തനാക്കുന്നുണ്ട്. മനോഹര സാഹോദര്യ ചരിത്രങ്ങളുള്ള ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ വിശ്വജ്ഞാനകേന്ദ്രങ്ങൾ ഉയരുന്നത് പ്രതീക്ഷ നൽകുന്നതാണ്. ശാന്തിഗിരി ലോകത്തിന് പകരുന്നത് ഒരുമയുടെയും സ്നേഹത്തിൻ്റെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
എം.കെ. രാഘവൻ എം.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ.പി, കക്കോടി ഗ്രാമപഞ്ചായത്തംഗം എന്‍. ഉപശ്ലോകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍, ,കെ.ടി രാധാകൃഷ്ണന്‍ എം. രാധാകൃഷ്ണന്‍, ചന്ദ്രന്‍.ടി.പൂക്കാട്, പി.പി.ഷീബ, അഭിനന്ദ്. സി.എസ്, ഗുരുപ്രിയ. ആര്‍. എസ് എന്നിവര്‍ പ്രസംഗിച്ചു. സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും കെ.ആര്‍.എസ്.നായര്‍ നന്ദിയും പറഞ്ഞു. കലാ കായിക സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും പൌരപ്രമുഖരേയും ആശ്രമത്തിന്റെ ആദ്യകാലപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.

Related Articles

Back to top button