IndiaKeralaLatest

ശാന്തിഗിരി മുന്നോട്ട് വയ്ക്കുന്നത് ജാതി മത വേലിക്കെട്ടുകള്‍ക്കതീതമായ സന്ദേശം : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

“Manju”
വിശ്വജ്ഞാനമന്ദിരം സമര്‍പ്പണത്തിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി, സ്വാമി വന്ദനരൂപന്‍, സബീര്‍ തിരുമല തുടങ്ങിയവര്‍ സമീപം

കോഴിക്കോട്: ജാതി മത വേലിക്കെട്ടുകള്‍ക്കതീതമായ മഹത്തായ സന്ദേശമാണ് ശാന്തിഗിരി മുന്നോട്ട് വയ്ക്കുന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിശ്വജ്ഞാന മന്ദിരം സമർപ്പണത്തിന്റെ മുന്നോടിയായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആർക്കും കടന്നു വരാവുന്ന ശാന്തിഗിരി ആശ്രമം ലോകത്തിന് തന്നെ മാതൃകയാണ്. മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിന് ശ്രമം നടക്കുമ്പോഴാണ് ശാന്തിഗിരിയുടെ ഈ സന്ദേശം മഹനീയമാകുന്നത്. എല്ലാവർക്കും അഭിപ്രായങ്ങൾ തുറന്ന് പറയാനാകണം. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴുവാക്കി ഐക്യപ്പെടാവുന്ന വഴികളിൽ യോജിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിശ്വജ്ഞാന മന്ദിരം ഒരു മഹാവിസ്മയമാണെന്നും നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ശിഷ്യർ ലോകത്തിന് നൽകുന്ന കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വജ്ഞാനമന്ദിരം വലിയൊരു തീർത്ഥാടന കേന്ദ്രമാകുമെന്നതിൽ സംശയമില്ല. മാനവസേവ തന്നെയാണ് മാധവ സേവ എന്ന് വിശ്വസിച്ച് സമൂഹത്തില്‍ പ്രവർത്തിക്കുകയാണ് ശാന്തിഗിരി ആശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമായി. സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി , ജനനി കൃപ ജ്ഞാന തപസ്വിനി, മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് എന്‍. പി. മുഹമ്മദ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുനില്‍കുമാര്‍, സംവിധായകന്‍ രാജീവ് അഞ്ചല്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, ഗ്രാമപഞ്ചായത്തംഗങ്ങളായ മോഹനന്‍ കൈതമോളി, എ.കെ.അജിത, എസ്.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്റ് പ്രവീണ്‍ പുത്തന്‍പറമ്പ്, ബാബു സരിത, ഡോ.ടി.എസ്.സോമനാഥന്‍, അനില്‍ ചേര്‍ത്തല, എം. ചന്ദ്രന്‍, ശശിന്ദ്രന്‍ .പി, ഡോ.സരിത സരീഷ്, സത്യചിത്തന്‍.കെ.ജെ, അര്‍ച്ചന.ഇ.എം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button