IndiaLatest

‘സഹായിക്കണം’; പ്രധാനമന്ത്രിക്ക് സെലന്‍സ്‌കിയുടെ കത്ത്

“Manju”

ന്യൂഡല്‍ഹി: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്‌കിയുടെ കത്ത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും സെലന്‍സ്‌കി കത്തില്‍ അഭ്യര്‍ഥിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജപറോവ സെലന്‍സ്‌കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറി.

യുക്രൈന്‍ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു യുക്രൈന്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. യുക്രൈന് കൂടുതല്‍ മാനുഷിക സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി മീനാക്ഷി ലേഖ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ സെലെന്‍സ്‌കി ആഗ്രഹിക്കുന്നുവെന്ന് ജപറോവ പറഞ്ഞു. ആഗോള നേതാവെന്ന നിലയിലും ജി20യുടെ നിലവിലെ ചെയര്‍മാനെന്ന നിലയിലും ഇന്ത്യക്ക് യുക്രൈനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീവ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു-അവര്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇന്ത്യന്‍ ഇടപെടല്‍ വേണമെന്ന് സെലന്‍സ്‌കി നിരന്തരം ആവശ്യപ്പെടുന്നുണ്ട്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും പ്രശ്നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ പ്രത്യക്ഷത്തില്‍ യുക്രൈന്റെ പക്ഷം ചേര്‍ന്നുള്ള പ്രസ്താവനകള്‍ നടത്തയിട്ടില്ല.

Related Articles

Back to top button