IndiaLatest

പ്രധാനമന്ത്രി 71,000 നിയമന കത്തുകള്‍ നല്‍കി

“Manju”

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഒരു സാധാരണ പൗരനെന്ന നിലയില്‍ അനുഭവിച്ചവ മറക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ റിക്രൂട്ട് ചെയ്യപ്പെട്ട 71,000 പേര്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്തുകൊണ്ട് ദേശീയ റോസ്ഗര്‍ മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ഉള്‍പ്പെടെ 45 സ്ഥലങ്ങളിലാണ് മേള സംഘടിപ്പിച്ചത്.

മറ്റുള്ളവരുടെ പ്രതീക്ഷകള്‍ നിറവേറ്റേണ്ടത് സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്വമാണ്. നിങ്ങളുടെ പ്രവൃത്തികള്‍ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കും. അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. ജോലി ലഭിച്ചാലും പഠനം ഉപേക്ഷിക്കരുത്. പുതിയ കാര്യങ്ങള്‍ അറിയുന്നത് ജോലിയിലും വ്യക്തിത്വത്തിലും പ്രതിഫലിക്കും. ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമായ ഐഗോട്ട് കര്‍മ്മയോഗി വഴി കഴിവുകള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വികസിത ഇന്ത്യയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് യുവാക്കളുടെ കഴിവും ഊര്‍ജ്ജവും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുവജനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് റോസ്ഗര്‍ മേളയെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രെയിന്‍ മാനേജര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, സീനിയര്‍ കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍, സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍, ടാക്സ് അസിസ്റ്റന്റ്, സീനിയര്‍ ഡ്രാഫ്റ്റ്സ്മാന്‍, ജെഇ/സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അധ്യാപകര്‍, ലൈബ്രേറിയന്‍, നഴ്സ്, പ്രൊബേഷണറി ഓഫീസര്‍മാര്‍, പി.എ തുടങ്ങിയ തസ്‌തികകളിലാണ് ആളുകളെ നിയമിച്ചത്.

Related Articles

Back to top button