KeralaLatest

72 സെക്കന്‍ഡ് പോലും ജയിലില്‍ കിടക്കുന്നത് നല്ലതല്ല: ഹൈക്കോടതി

“Manju”

കൊച്ചി: ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. 72 സെക്കന്‍ഡ് പോലും ജയിലില്‍ കിടക്കുന്നത് നല്ലതല്ല. ഈ സംഭവം മറക്കരുതെന്ന് ഹൈക്കോടതി. ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജലഹരിക്കേസ് പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാരിനോടുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കുകള്‍.

‘ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. 72 സെക്കന്‍ഡ് പോലും ജയിലില്‍ കിടക്കുന്നത് നല്ലതല്ല. ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക? ഞാനും നിങ്ങളും എല്ലാം അടങ്ങുന്ന നീതിന്യായ വ്യവസ്ഥയാണ് ഇവിടെ പരാജയപ്പെട്ടത്.’ കോടതി വിമര്‍ശിച്ചു.

തന്നെ കേസില്‍ കുടുക്കിയതാണെന്നും അകാരണമായി ജയിലില്‍ അടച്ചതിനെതിരെയും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരാണ് മുഖ്യപ്രതികള്‍. വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇതിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനും കൂടുതല്‍ വൈകിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

 

Related Articles

Back to top button