IndiaLatest

കാറില്‍ എയര്‍ബാഗ് ഇല്ല: ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 പേര്‍ക്കുമെതിരെ കേസ്

“Manju”

കാണ്‍പൂര്‍: കാറിന്റെ സുരക്ഷയെക്കുറിച്ച്‌ തെറ്റായ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ആനന്ദ് മഹീന്ദ്രയ്ക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിലെ 12 ജീവനക്കാര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന സംഭവത്തില്‍ എയര്‍ബാഗുകള്‍ ഇല്ലാത്ത സ്‌കോര്‍പിയോ കാറാണ് കമ്പനി തനിക്ക് വിറ്റതെന്നും, ഇത് തന്റെ മകൻ വാഹനാപകടത്തില്‍ മരിക്കാൻ കാരണമായെന്നും പരാതിക്കാരനായ രാജേഷ് മിശ്ര ആരോപിച്ചു.

2020ല്‍ തന്റെ മകൻ അപൂര്‍വയ്ക്ക് സമ്മാനമായാണ് 17.39 ലക്ഷം രൂപ മുടക്കി രാജേഷ് മിശ്ര സ്കോര്‍പ്പിയോ വാങ്ങി നല്‍കിയത്. 2022 ജനുവരി 14ന്, സുഹൃത്തുക്കളോടൊപ്പം ലക്നൗവില്‍ നിന്ന് കാണ്‍പൂരിലേക്ക് മടങ്ങുമ്പോള്‍, മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. അപൂര്‍വ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ജനുവരി 29ന് കാറിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി രാജേഷ് താൻ കാര്‍ വാങ്ങിയ ഓട്ടോ ഷോറൂമിലെത്തി. അപകടസമയത്ത് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നെങ്കിലും എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്നും തെറ്റായ ഉറപ്പ് നല്‍കി കമ്പനി വഞ്ചിച്ചതായും രാജേഷ് മിശ്ര പരാതിയില്‍ ആരോപിച്ചു.
വാഹനം കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ തന്റെ മകൻ മരിക്കില്ലായിരുന്നുവെന്നും കമ്പനിയുടേത് വഞ്ചനാപരമായ നടപടികളാണെന്നും രാജേഷ് പരാതിയില്‍ പറയുന്നു. കമ്പനിയിലെ ജീവനക്കാര്‍ തന്നോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായും ഡയറക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം മാനേജര്‍മാര്‍ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തതായും രാജേഷ് മിശ്ര ആരോപിച്ചു.

Related Articles

Back to top button