IndiaLatest

മഹാഭാരതം പത്ത് ഭാഗങ്ങളുള്ള സിനിമയാക്കും

“Manju”

മെഗാബ്ലോക്ക്ബസ്റ്റര്‍ സിനിമയായ ആര്‍ആര്‍ആറിന് ശേഷം ചലച്ചിത്ര സംവിധായകന്‍ എസ് എസ് രാജമൗലി തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ കരിയറിലെ സ്വപ്ന സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്. ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്ര പരമ്പര തന്നെ നിര്‍മ്മിക്കാനാണ് തന്റെ ആഗ്രഹമെന്ന് രാജമൗലി വെളിപ്പെടുത്തി. അത് 10 ഭാഗങ്ങളുള്ള സിനിമയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ മഹാഭാരതം സിനിമയാക്കുന്ന ഒരു ഘട്ടത്തിലേയ്ക്ക് എത്തുകയാണെങ്കില്‍ രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ പതിപ്പുകള്‍ വായിക്കാന്‍ മാത്രം എനിക്ക് ഒരു വര്‍ഷമെടുക്കും. നിലവില്‍ ഇത് 10 ഭാഗങ്ങളുള്ള ഒരു സിനിമയായിരിക്കുമെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ,” തന്റെ ഭാര്യാസഹോദരന്‍ ഡോ. എ വി ഗുരുവ റെഡ്ഡിയോട് സംസാരിക്കവെ രാജമൗലി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞാന്‍ ചെയ്യുന്ന ഓരോ സിനിമയും ആത്യന്തികമായി മഹാഭാരതം നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള എന്റെ പഠനത്തിന്റെ ഭാഗമാണെന്ന് ആണ് എനിക്ക് തോന്നുന്നത്, അതിനാല്‍ അതാണ് എന്റെ സ്വപ്നം എന്ന് കരുതുന്നു, ഓരോ ചുവടും അതിലേക്കാണ് ഞാന്‍ പോകുന്നത്, ” രാജമൗലി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല മഹാഭാരതം സിനിമ ചെയ്യുന്നതിനെക്കുറിച്ച്‌ എസ്‌എസ് രാജമൗലി തുറന്നു പറയുന്നത്. മഹാഭാരതം താന്‍ സിനിമ ആക്കുമ്പോള്‍ ഇപ്പോള്‍ എല്ലാവരും വായിച്ചതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ കൂടുതല്‍ ‘മെച്ചപ്പെടുത്തും’ എന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

എന്റെ മഹാഭാരതത്തിന് വേണ്ടി ഞാന്‍ എഴുതുന്ന കഥാപാത്രങ്ങള്‍ നിങ്ങള്‍ മുമ്പ് കണ്ടതോ വായിച്ചതോ പോലെ ആയിരിക്കില്ല. ഞാന്‍ എന്റേതായ രീതിയില്‍ മഹാഭാരതം പറയും. മഹാഭാരതത്തിന്റെ കഥ സമാനമായിരിക്കും, എന്നാല്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധങ്ങള്‍ എന്റെ രീതിയ്ക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്യും, “അദ്ദേഹം പറഞ്ഞു.

അതേസമയം തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രത്തിനായി എസ് എസ് രാജമൗലിയും മഹേഷ് ബാബുവും ഒരുങ്ങുന്നതായി അടുത്തിടെ ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പിങ്ക് വില്ല എന്ന സിനിമ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്‌ ചിത്രം സ്‌ക്രിപ്റ്റിംഗ് ഘട്ടത്തിലാണ്, ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ഇതിഹാസമായ രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആയിരിക്കും ഈ ചിത്രം ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഹനുമാന്റെ കഥാപാത്രം ആയിരിക്കും മഹേഷ് ബാബുവിന്റേതെന്നും കരുതുന്നു. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം നിലവില്‍ വന്നിട്ടില്ല.

ആര്‍ആര്‍ആറിലെ ഹിറ്റ് ഗാനം നാട്ടു നാട്ടുവിന് ഓസ്കര്‍ അവാര്‍ഡ് കിട്ടിയിരുന്നു. ഇന്ത്യന്‍ സിനിമയിലെ അടുത്ത മഹാത്ഭുതം ആയി രാജമൗലിയുടെ മഹാഭാരതം മാറുമോ എന്നാണ് സിനിമ മേഖലയിലെ പ്രധാന ചര്‍ച്ച.

 

Related Articles

Back to top button