LatestThiruvananthapuram

ഇ-ഓഫീസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാക്കും

“Manju”

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയത് അഴിമതി തുടച്ചു നീക്കുവാനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാനും സഹായകരമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

എസ്റ്റിമേറ്റുകളും ബില്ലുകളും പ്രൈസ് സോഫ്റ്റ് വെയര്‍ വഴിയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും ഇ-ഓഫീസ് സംവിധാനം വന്നതോടെ ഹൈടെക് മാതൃകയിലേക്ക് വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 12 സര്‍ക്കിള്‍ ഓഫീസുകളിലും 68 ഡിവിഷന്‍ ഓഫീസുകളിലും കെ-സ്വാന്‍ നെറ്റ്വര്‍ക്ക് വഴിയും 206 സബ് ഡിവിഷന്‍ ഓഫീസുകളിലും 430 സെക്ഷന്‍ ഓഫീസുകളിലും വി.പി.എന്‍ നെറ്റ് വര്‍ക്ക് വഴിയും ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നതായി മന്ത്രി അറിയിച്ചു.

ഫയലുകളുടെ നീക്കവും ഫയലുകളില്‍ നടപടികള്‍ കൈകൊള്ളാന്‍ എത്ര സമയമെടുക്കുന്നു എന്നും ഇനി കൃത്യമായി അറിയാന്‍ സാധിക്കും. കാസര്‍കോട് നിന്ന് ഒറ്റ ക്ലിക്കിലൂടെ ഫയലുകള്‍ തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഓഫീസുകളില്‍ എത്തും. സമയനഷ്ടം ഒഴിവാക്കാനും വേഗത്തില്‍ തീരുമാനങ്ങളെടുക്കാനും നടപടിക്രമങ്ങളില്‍ പല തട്ടുകള്‍ ഒഴിവാക്കാനും ഇ-ഓഫീസ് സംവിധാനത്തിലൂടെ സാധിക്കുമെന്നും ഇത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
താഴെത്തട്ട് വരെ ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്ന ആദ്യത്തെ വകുപ്പാണ് പൊതുമരാമത്തെന്ന് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് പറഞ്ഞു. ജോയിന്റ് സെക്രട്ടറി സാംബശിവറാവു, ചീഫ് എന്‍ജിനിയര്‍ (ഭരണ വിഭാഗം) മധുമതി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button